മുന്നിൽ റൂട്ട് മാത്രം, രോഹിത്തിന്റെ വമ്പൻ റെക്കോർഡിനൊപ്പമെത്തി മായങ്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഡിസം‌ബര്‍ 2021 (10:04 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമയ്ക്കൊപ്പം റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് മായങ്ക് അഗർവാൾ. മത്സരത്തിൽ അക്‌സർ പട്ടേലും ശുഭ്‌മാൻ ഗില്ലുമൊഴികെയുള്ള മറ്റ് താരങ്ങളെ‌ല്ലാം റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ 311 പന്തിൽ നിന്നും 150 റൺസാണ് മായങ്ക് നേടിയത്.

ഇതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ 150കള്‍ നേടിയ ഇന്ത്യയുടെ രണ്ടാമത്തെ താരമായി മായങ്ക് മാറി. മൂന്നാം തവണയാണ് മായങ്ക് ഈ നേട്ടം കൈവരിച്ചത്. ഇതോടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തി. ഹിറ്റ്മാനും മൂന്നു തവണയാണ് 150 നേടിയിട്ടുള്ളത്.

രോഹിത്, മായങ്ക് എന്നിവരെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ മാര്‍നസ് ലബ്യുഷെയ്‌നും ലോക ചാംപ്യന്‍ഷിപ്പില്‍ മൂന്ന് 150+ ഇന്നിങ്സുകളുണ്ട്. നാലു തവണ 150 തികച്ച ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് പട്ടികയിൽ ഒന്നാമത്. അതേസമയം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു തവണ 150 റണ്‍സ് നേടിയ രണ്ടാമത്തെ താരം എന്ന നേട്ടവും മായങ്ക് സ്വന്തമാക്കി. 26 ഇന്നിങ്സുകളിൽ നിന്നാണ് മായങ്കി‌ന്റെ നേട്ടം. 18 ഇന്നിങ്സുകളിൽ നിന്നും 3 തവണ 150 റൺസ് നേടിയ ചേതേശ്വർ പൂജാരയാണ് പട്ടികയിൽ ഒന്നാമത്.

ഇന്ത്യയിൽ നിലവിലെ മത്സരത്തിൽ നേടിയ 150 കൂടാതെ രണ്ടു തവണ ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും മായങ്ക് നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 5 ഇന്നിങ്‌സുകളിൽ കാര്യമായ പ്രകടനം നടത്താൻ മായങ്കിനായിരുന്നില്ല. ഒടുവില്‍ ഉജ്ജ്വലമായൊരു 150യുമായി അദ്ദേഹം തിരിച്ചുവരവ് മനോഹരമാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :