വരും മത്സരങ്ങളിൽ അവന് വലിയ ഉത്തരവാദിത്തങ്ങളുണ്ടാവും, വെങ്കടേഷ് അയ്യരെ പറ്റി രോഹിത് ശർമ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (20:28 IST)
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. ‌പതിനാലാം ഐപിഎല്ലിലെ രണ്ടാം പതിപ്പിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ വെങ്കടേഷ് ഐയ്യരും പരമ്പരയിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. ഓള്‍റൗണ്ടറായ 26കാരന് ആദ്യ രണ്ട് മത്സരങ്ങളിലും പന്തെറിയാന്‍ സാധിച്ചിരുന്നില്ല.

എന്നാൽ അവസാന മത്സരത്തിൽ പന്തെറിയാൻ അവസരം ലഭിച്ച താരം മൂന്നോവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മത്സരശേഷം വെങ്കടേഷിന്റെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് ടീം നായകനായ രോഹിത് ശർമ.വെങ്കടേഷിന്റെ എല്ലാ കഴിവും ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതേസമയം അദ്ദേഹത്തിന് ഇണങ്ങുന്ന ബാറ്റിംഗ് പൊസിഷനില്‍ കളിപ്പിക്കേണ്ടതുമുണ്ട്. ഇന്ത്യൻ ടീമിൽ നിലവിൽ ഓപ്പണിങ് റോളിൽ അദ്ദേഹത്തിനെ കളിപ്പിക്കാനാവില്ല.
5,6,7 സ്ഥാനങ്ങളിലാണ് കളിക്കുക. മധ്യ- അവസാന ഓവറുകളില്‍ അവന് എന്ത് ചെയ്യാനാവുമെന്നാണ് ഞങ്ങള്‍ നോക്കിയിരുന്നത്.

തുടക്കകാരൻ എന്ന നിലയിൽ അവനെ ഏൽപ്പിച്ച ജോലി അവൻ ഭംഗിയായി ചെയ്‌തു. അവന്റെ ബൗളിങ് പ്രകടനവും മികച്ചതായിരുന്നു.തീര്‍ച്ചയായും ഇന്ത്യക്ക് പ്രതീക്ഷയുള്ള താരങ്ങളിൽ ഒരാളാണ് അവന്‍. അവന് കഴിവുണ്ട്. ആത്മവിശ്വാസം നല്‍കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ അവൻ ഭാവിയിൽ മത്സരഫലത്തിൽ സ്വാധീനം ചെലുത്തുന്ന താരമാകും. രോഹിത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :