അഭിറാം മനോഹർ|
Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (20:21 IST)
ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിൻ നിരക്കെതിരെ തകർന്നടിഞ്ഞ ഓസീസ് ടീമിന് സഹായം വാഗ്ദാനം ചെയ്ത് മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. ടീം ഇന്ത്യക്കെതിരെ ഡൽഹി ടെസ്റ്റിൽ കളി നാലാം ദിവസത്തേക്ക് കൂടി നീട്ടാൻ ഓസീസിന് സാധിച്ചിരുന്നില്ല. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്ക്കും മുന്നിൽ മറുപടിയില്ലാതെയാണ് ഓസീസ് ബാറ്റിംഗ് നിര തകർന്നടിഞ്ഞത്.
അശ്വിനും ജഡേജയ്ക്കുമെതിരെ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കാമെന്നാണ് ഹെയ്ഡൻ വ്യക്തമാക്കിയത്. ടീം മാനേജ്മെൻ്റ് ആവശ്യപ്പെടുന്ന ഏത് സമയത്തും സേവനം ലഭ്യമാക്കാമെന്നും ഹെയ്ഡൻ ഉറപ്പ് നൽകി.ഓസീസ് മുൻ നായകനായ റിക്കി പോണ്ടിംഗിൻ്റെ ഉപദേശമാണ് ശ്രേയസ് അയ്യരുടെ ബാറ്റിംഗിലുണ്ടായ മാറ്റത്തിന് കാരണമെന്ന് ഹെയ്ഡൻ പറയുന്നു.
ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള ഹെയ്ഡൻ്റെ സേവനം ടീം പ്രയോജനപ്പെടുത്തണമെന്ന് നേരത്തെ മുൻ ഓസീസ് നായകനായ മൈക്കൽ ക്ലർക്കും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ടെസ്റ്റിൽ 51.33 ശരാശരിയിൽ 1027 റൺസ് ഹെയ്ഡൻ്റെ പേരിലുണ്ട്. നിലവിൽ ഇന്ത്യ- ഓസീസ് പരമ്പരയിൽ കമൻ്റേറ്ററായി ഹെയ്ഡൻ ഇന്ത്യയിലുണ്ട്. മാർച്ച് ഒന്നാം തീയ്യതിയാണ് പരമ്പരയിലെ മൂന്നാമത് ടെസ്റ്റ് മത്സരം.