സൂപ്പര്‍ ഓവറില്‍ 30 റണ്‍സ്, 2 വിക്കറ്റ്: അപൂര്‍വ്വനേട്ടം കൊയ്ത് വാന്‍ ബീക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (14:53 IST)
ഏകദിനലോകകപ്പ് യോഗ്യത മത്സരത്തിലെ ആവേശകരമായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തികൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 374 റണ്‍സിനൊപ്പമെത്താന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചതൊടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ വെസ്റ്റിന്‍ഡീസിനെ നിഷ്പ്രഭമാക്കിയാണ് നെതര്‍ലന്‍ഡ്‌സിന്റെ വിജയം.

നിക്കോളാസ് പൂറന്റെ സെഞ്ചുറി കരുത്തിലാണ് 374 റണ്‍സ് എന്ന റണ്‍മല വിന്‍ഡീസ് നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്ത നെതര്‍ലാന്‍ഡ്‌സ് നിഡമനുരുവിന്റെ സെഞ്ചുറിയുടെയും 67 റണ്‍സെടുത്ത നായകന്‍ എഡ്വേര്‍ഡ്‌സിന്റെയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ 374 റണ്‍സിനൊപ്പമെത്തുകയായിരുന്നു. മത്സരം സൂപ്പര്‍ ഓവറിലെത്തിയതൊടെ നെതര്‍ലന്‍ഡ്‌സിന് വേണ്ടി വാന്‍ ബീക്കും എഡ്വേര്‍ഡ്‌സുമാണ് ബാറ്റിംഗിനിറങ്ങിയത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ 3 സിക്‌സും 3 ഫോറും സഹിതം 30 റണ്‍സാണ് വാന്‍ ബീക്ക് അടിച്ചെടുത്തത്. തിരികെ വെസ്റ്റിന്‍ഡീസ് ബാറ്റ് ചെയ്യവെ വാന്‍ ബീക്ക് തന്നെയാണ് ബൗളിംഗിനായെത്തിയതും. വാന്‍ ബീക്കിന്റെ സൂപ്പര്‍ ഓവറില്‍ 8 റണ്‍സ് മാത്രമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. 5 പന്തുകള്‍ വരെ മത്സരം നീണ്ടപ്പോള്‍ 2 വിക്കറ്റുകളും വാന്‍ ബീക്ക് സ്വന്തമാക്കി.

ഇതോടെ ഒരു സൂപ്പര്‍ ഓവറിലെ 2 വിക്കറ്റ് നേട്ടവും 30 റണ്‍സെന്ന നേട്ടവും വാന്‍ ബീക്ക് സ്വന്തമാക്കി. ഇത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :