Malaikottai Vaaliban: ഫെരാരിയുടെ എഞ്ചിൻ വെച്ച് ഓടുന്ന വണ്ടിയല്ല, ഹേറ്റ് ക്യാമ്പയിനിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി

Lijo Jose pellissery
Lijo Jose pellissery
അഭിറാം മനോഹർ| Last Modified വെള്ളി, 26 ജനുവരി 2024 (16:36 IST)
മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയ്‌ക്കെതിരെ വ്യാപകമായി തുടരുന്ന ഹേറ്റ് ക്യാമ്പയിനില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നെഗറ്റീവ് റിവ്യൂവിനെ കാര്യമാക്കുന്നില്ലെന്നും എന്നാല്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ അതിന്റെ സ്വീകലിനെയും പ്രീക്വലിനെയും പറ്റി ആലോചിക്കാന്‍ കഴിയില്ലെന്നും ലിജോ വ്യക്തമാക്കി.

ഇന്നലെ ഫസ്റ്റ് ഷോ കഴിഞ്ഞതുമുതല്‍ സിനിമയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. ഫസ്റ്റ് ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം എപ്പോഴും സത്യമാകണമെന്നില്ല. രാവിലെ 6 മണിക്ക് സിനിമ കാണുന്ന ഓദിയന്‍സും വൈകീട്ട് വരുന്ന ഓഡിയന്‍സും രണ്ടും രണ്ടാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ രാവിലെ കണ്ടുവരുന്ന ഓഡിയന്‍സ് പറയുന്ന അഭിപ്രായമാണ് എല്ലാവരുടെയും വൈബായി മാറുന്നത്. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിക്കുന്നു. എന്തിനാണ് ഇങ്ങനെ വിദ്വേഷം പടര്‍ത്തുന്നത്. ഇതില്‍ നിന്നും എന്തുഗുണമാണ് ലഭിക്കുന്നത്. വലിയ പ്രൊഡക്ഷന്‍ വാല്യൂവുള്ള സിനിമയാണിത്. ഫാന്റസി കഥയില്‍ വിശ്വസിച്ചാണ് സിനിമയെടുത്തത്.

വാലിബന്‍ ഫെരാരിയുടെ എഞ്ചിന്‍ വെച്ചോടുന്ന വണ്ടിയല്ല. കഥ പറയുന്നതില്‍ ഒരു മുത്തശ്ശികഥയുടെ വേഗത മാത്രമാണുള്ളത്. അതില്‍ വലിയ കാഴ്ചകളാണ് ഒളിപ്പിച്ചിട്ടുള്ളത്. അതിന് വേഗത പോരെന്ന അഭിപ്രായത്തോടെ വിയോജിപ്പുണ്ട്. കണ്ടു പരിചയിച്ച സിനിമകളുടെ വേഗതയും കഥ പറയുന്ന രീതിയും തന്നെ തുടരണമെന്ന് എന്തിനാണ് വാശി പിടിക്കുന്നതെന്നും ലിജോ ചോദിക്കുന്നു.

സിനിമ ഇറങ്ങിയ ശേഷം അതില്‍ അതിയായി സന്തോഷിക്കുകയോ ദുഖമോ തോന്നുന്ന ആളല്ല ഞാന്‍. പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ്ങായുള്ള കാര്യമാണ് ഉണ്ടായത്. മനസ്സ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം വന്നത്. എപ്പോഴും എന്റെ പദ്ധതികളില്‍ ഒരു വ്യത്യാസവും വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും ലിജോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :