ലീഡ്‌സില്‍ ആദ്യ ദിനം തന്നെ തോല്‍വി മണത്ത് ഇന്ത്യ; പകരംവീട്ടാന്‍ ഇംഗ്ലണ്ട്

രേണുക വേണു| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (08:36 IST)

ലോര്‍ഡ്‌സിലെ പരാജയത്തിനു ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ പകരംവീട്ടി ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ സമ്പൂര്‍ണ ആധിപത്യം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 78 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ശക്തമായ നിലയിലാണ്. ആദ്യ ദിനം നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് 120 റണ്‍സ് നേടിയിട്ടുണ്ട്. പത്ത് വിക്കറ്റുകള്‍ കൂടി ശേഷിക്കെ ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉണ്ട്. ഹസീബ് ഹമീദ് (130 പന്തില്‍ 60), റോറി ബേണ്‍സ് (125 പന്തില്‍ 52) എന്നിവരാണ് ഇംഗ്ലണ്ടിനായി ഇപ്പോള്‍ ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ആയപ്പോള്‍ തന്നെ കെ.എല്‍.രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ചേതേശ്വര്‍ പൂജാരയെയും വിരാട് കോലിയെയും കൂടി ആന്‍ഡേഴ്‌സണ്‍ കൂടാരം കയറ്റി. ക്രയ്ഗ് ഓവര്‍ടണ്‍ മൂന്ന് വിക്കറ്റും ഒലി റോബിന്‍സണ്‍, സാം കറാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി ഇന്ത്യയുടെ കഥ കഴിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :