ഞാൻ തമാശ പറയുകയല്ല, ഇക്കാര്യത്തിൽ ബെൻ സ്റ്റോക്സിനോളം പോന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല: അഭിനന്ദനങ്ങളുമായി വിരാട് കോലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജൂലൈ 2023 (13:00 IST)
ആഷസ് ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ചുറി പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ വിരാട് കോലി. താന്‍ നേരിട്ടതില്‍ ഏറ്റവും മത്സരബുദ്ധിയുള്ള താരമാണ് സ്‌റ്റോക്‌സെന്നും ഓസീസ് മികച്ച രീതിയില്‍ കളിച്ചുവെന്നും കോലി ട്വീറ്റിലൂടെ വ്യക്തമാക്കി. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ 114 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത് ബെന്‍ സ്‌റ്റോക്‌സിന്റെ പ്രകടനമായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ബെന്‍ ഡെക്കരിനൊപ്പം 132 റണ്‍സ് കൂട്ടിചേര്‍ത്ത ബെന്‍ സ്‌റ്റോക്‌സ് ഒരു ഘട്ടത്തില്‍ 193 റണ്‍സിന് 6 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ ഒറ്റയ്ക്കാണ് ചുമലിലേറ്റിയത്. ഏഴാം വിക്കറ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം 108 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ബെന്‍ സ്‌റ്റോക്‌സ് പടുത്തുയര്‍ത്തിയത്. ഇതില്‍ ഭൂരിഭാഗം റണ്‍സും പിറന്നത് സ്‌റ്റോക്‌സിന്റെ ബാറ്റില്‍ നിന്നായിരുന്നു. മത്സരത്തില്‍ 214 പന്തില്‍ നിന്നും 155 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. 9 ഫോറും 9 സിക്‌സും അടങ്ങുന്നതായിരുന്നു സ്‌റ്റോക്‌സിന്റെ പ്രകടനം. ടീം സ്‌കോര്‍ 301ല്‍ നില്‍ക്കെയാണ് സ്‌റ്റോക്‌സ് പുറത്തായത്. തുടര്‍ന്ന് 3 വിക്കറ്റില്‍ 26 റണ്‍സ് കൂട്ടിചേര്‍ക്കാനെ ഇംഗ്ലണ്ട് വാലറ്റത്തിന് സാധിച്ചുള്ളു.

അതേസമയം വിരാട് കോലിയും സ്റ്റീവ് സ്മിത്തും അശ്വിനും അടക്കം നിരവധി പേരാണ് സ്‌റ്റോക്‌സിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. ലോകക്രിക്കറ്റിലെ പ്രാന്തനായ കളിക്കാരനാണ് സ്‌റ്റോക്‌സ് എന്നാണ് സ്റ്റീവ് സ്മിത്ത് അഭിപ്രായപ്പെട്ടത്. ബെന്‍ സ്‌റ്റോക്‌സിന്റെ വയറിനകത്ത് എരിയുന്ന പോരാട്ടവീര്യം എന്നുള്ളത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ് എന്നായിരുന്നു പ്രകടനത്തെ പറ്റി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്റെ പ്രതികരണം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :