അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഫെബ്രുവരി 2022 (17:01 IST)
വിരാട് കോലിയുടെ ഫോമിനെ പറ്റി ഉയരുന്ന ചോദ്യങ്ങൾ തള്ളി ഇന്ത്യൻ മുൻ നായകൻ സുനിൽ ഗവാസ്‌കർ. കോലി ഫോം നഷ്ടപ്പെട്ട് നിൽക്കുകയല്ല മറിച്ച് ഭാഗ്യം കോലിയിൽ നിന്നും അകന്ന് നിൽക്കുകയാണെന്നാണ് ഗവാസ്‌കർ പറയുന്നത്.
കോലിക്ക് നഷ്ടമായിരിക്കുന്നത് ഭാഗ്യമാണ്. ഏതൊരു ബാറ്റ്സ്മാനും ഭാഗ്യം എന്നത് ഒപ്പമുണ്ടാവണം. എഡ്‌ജ് ചെയ്‌താലും അത് ക്യാച്ച് ആവാതെ പോകുന്ന ഭാഗ്യം എന്നത് ഏതൊരു ബാറ്റ്സ്മാനും വേണം. കഴിഞ്ഞ കുറെ മത്സരങ്ങളായി ആ ഭാഗ്യം കോലിക്കൊപ്പം ഇല്ല. ഗവാസ്‌കർ പറയുന്നു.
അതേസമയം സൗത്താഫ്രിക്കയിൽ കോലി അർധ ശതകം കണ്ടെത്തിയത് മറക്കരുത് എന്നും ഗവാസ്‌കർ ഓർമിപ്പിക്കുന്നു.വിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും സ്കോർ ഉയർത്താൻ കോലിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ ഏകദിനത്തിൽ തുടരെ ബൗണ്ടറികൾ നേടിയതിന് പിന്നാലെ ബൗൺസറിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ചാണ് കോലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
2019ന് ശേഷം സെഞ്ചുറി നേടാൻ കോലിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 5 കളികളിൽ നിന്ന് 142 റൺസാണ് കോലി നേടിയത്. സൗത്താഫ്രിക്കക്കെതിരെ നേടിയ രണ്ട് അർധശതകവും ഇതിൽ ഉൾപ്പെടുന്നു.