അഭിറാം മനോഹർ|
Last Modified വെള്ളി, 6 ഡിസംബര്‍ 2019 (10:49 IST)
തുടർച്ചയായി നാലാം കലണ്ടർ വർഷവും റൺവേട്ടയിൽ റെക്കോഡിടാൻ ഇന്ത്യൻ നായകൻ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിൽ ഈ വർഷം ഇതുവരെ വിവിധ ഫോർമാറ്റുകളിലായി 2183 റൺസാണ് കോലി അടിച്ചുകൂട്ടിയത്. ഇന്ത്യൻ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ്മയാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 2090 റൺസാണ് ഇന്ത്യൻ ഉപനായകൻ ഈ വർഷം അടിച്ചുകൂട്ടിയത്. 1820 റൺസുമായി പാകിസ്താന്റെ ബാബർ അസമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
ഈ വർഷം ഇനി ആറ് മത്സരങ്ങളാണ് കോലിക്കും രോഹിത്തിനും കളിക്കുവാനുള്ളത്. വിൻഡീസിനെതിരെ നടക്കുന്ന മൂന്ന്
ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും. ഇതിനിടയിൽ റൺവേട്ടയിൽ കോലിയെ പിന്നിലാക്കാനള്ള അവസരം രോഹിത്തിന് പരമ്പരയിലുണ്ട്. എന്നാൽ കോലിയാണ് ഈ വർഷം റൺവേട്ടയിൽ മുന്നിലെത്തുന്നതെങ്കിൽ തുടർച്ചയായി നാല് വർഷവും ഏറ്റവും കൂടുതൽ റൺസടിച്ച ബാറ്റ്സ്മാനെന്ന റെക്കോഡ് കോലിയുടെ പേരിലാവും.
2016ൽ 2595 റൺസും 2017ൽ 2818 റൺസും 2018ൽ 2735 റൺസും അടിച്ചുകൂട്ടിയാണ് കോലി തുടർച്ചയായി മൂന്ന് വർഷം ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ബാബർ അസമിന് ഈ വർഷം ഇനി രണ്ട് ടെസ്റ്റുകളാണ് ബാക്കിയുള്ളത്.