ന്യൂസിലൻഡിന് മൂൻതൂക്കമുണ്ട് എന്നത് ആളുകളുടെ ധാരണ, ടീമിന് പൂർണ്ണ ആത്മവിശ്വാസമെന്ന് കോലി

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ജൂണ്‍ 2021 (18:51 IST)
ഐസിസി ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ സംഘം ഇന്ന് രാത്രി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുൻപായി ഫൈനലിലെ തങ്ങളുടെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും.

ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് ഫൈനല്‍ കളിക്കുന്നതിനാല്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ടെന്നും പിച്ചും സാഹചര്യങ്ങളും ന്യൂസിലൻഡിന് അനുകൂലമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതിനെതിരെ വായടപ്പിക്കുന്ന മറുപടിയാണ് ഇന്ത്യൻ നായകൻ വിരാട് കോലി നൽകിയിരിക്കുന്നത്.

ഫൈനല്‍ കളിക്കുകയെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.ഞങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. സാഹചര്യങ്ങൾ ന്യൂസീലന്‍ഡിന് അനുകൂലമാണോയെന്ന് കാഴ്ചപ്പാടിന് അനുസരിച്ചിരിക്കും. ഞങ്ങള്‍ വിമാനം കയറുന്നതിന് മുമ്പ് ന്യൂസീലന്‍ഡിനാണ് ഫൈനലില്‍ മുന്‍തൂക്കമെന്ന് ചിന്തിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. കോലി ചോദിച്ചു.

ഞങ്ങൾ തുല്യശക്തരാണെന്നാണ് കരുതുന്നത്. യാതൊരുവിധ സമ്മർദ്ദവും ടീമിനില്ല. ഫൈനലിന്റെ സമയം ഞങ്ങളെ സംബന്ധിച്ച് ആസ്വദിക്കാനുള്ളതാണ്. മറ്റെല്ലാ കാര്യങ്ങളും നല്‍കുന്ന അധ്വാനത്തെ ആശ്രയിച്ചായിരിക്കും. കോലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :