മുട്ടുവേദനയ്ക്ക് ചികിത്സ തേടി ധോണി; മരുന്നിന് അടക്കം ചെലവായത് വെറും 40 രൂപ !

രേണുക വേണു| Last Modified ശനി, 2 ജൂലൈ 2022 (12:37 IST)

വെറും 40 രൂപ ചെലവഴിച്ച് മുട്ടുവേദനയ്ക്ക് ചികിത്സ തേടി ഇതിഹാസ ക്രിക്കറ്റര്‍ മഹേന്ദ്രസിങ് ധോണി. ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനിക ചികിത്സ നേടാന്‍ സാഹചര്യമുള്ളപ്പോഴാണ് വെറും 40 രൂപ മാത്രം ചെലവഴിച്ച് ധോണി പരമ്പരാഗത ചികിത്സ തേടിയത്.

ധോണിയുടെ സ്വദേശമായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഉള്ള പ്രമുഖ ആയുര്‍വേദ വൈദ്യനാണ് വന്ധന്‍ സിങ് ഖര്‍വാര്‍. വനത്തിനുള്ളിലാണ് ഇയാള്‍ ചികിത്സ നടത്തുന്നത്. മുട്ടുവേദനയെ തുടര്‍ന്ന് ധോണി ചികിത്സ തേടിയത് ഇയാളുടെ അടുത്താണ്.

പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്താണ് വന്ധന്‍ സിങ് രോഗികള്‍ക്ക് കൊടുക്കുന്നത്. ഇയാളുടെ ചികിത്സാ രീതി വളരെ പ്രസിദ്ധമാണ്. ധോണിയുടെ മാതാപിതാക്കള്‍ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദര്‍ശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയായിരുന്നെന്നുമാണ് വിവരം. ധോണി തന്റെ അടുക്കല്‍ എത്തിയതിനെക്കുറിച്ച് വൈദ്യന്‍ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കാല്‍സ്യം കുറവിനെ തുടര്‍ന്ന് ശക്തമായ മുട്ടുവേദന അനുഭവപ്പെടുന്നുണ്ടെന്ന് ധോണി പറഞ്ഞതായാണ് ഡോക്ടറെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് ധോണിയെ മനസ്സിലായില്ലെന്നും വന്ധന്‍ സിങ് പറയുന്നു. സാധാരണ ഒരു രോഗിയെ കാണുന്ന പോലെയാണ് വന്ധന്‍ സിങ് ധോണിയേയും ചികിത്സിച്ചത്. ധോണിക്ക് ഒപ്പമുള്ളവരാണ് അത് ലോകം അറിയപ്പെടുന്ന ക്രിക്കറ്ററാണെന്ന കാര്യം തന്നോട് പറഞ്ഞതെന്നും വന്ധന്‍ സിങ് എന്‍ഡിടിവിയോട് പറഞ്ഞു.

വെറും 40 രൂപയാണ് ധോണിക്ക് ചികിത്സയ്ക്കായി ചെലവായത്. 20 രൂപ കണ്‍സള്‍ട്ടേഷന്‍ ചാര്‍ജ്ജും മരുന്നിന് 20 രൂപയും. എല്ലാ രോഗികളില്‍ നിന്നും ഈ ചാര്‍ജ്ജാണ് വന്ധന്‍ സിങ് ഈടാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :