ആ മനുഷ്യനെ ഔട്ടാക്കാൻ പാടില്ലായിരുന്നു, ആർസിബി തോറ്റ് നിമിഷം അതെന്ന് ആരാധകർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (12:18 IST)
ഐപിഎല്ലിലെ ഏറ്റവും നാടകീയമായ മത്സരത്തിനൊടുവിൽ ബാംഗ്ലൂരിനെതിരെ വിജയം സ്വന്തമാക്കി ലഖ്നൗ. ജയപരാജയങ്ങൾ മാറി മാറി വന്ന മത്സരത്തിൽ നിക്കോളാസ് പൂരൻ്റെയും മാർക്കസ് സ്റ്റോയ്നിസിൻ്റെയും വെടിക്കെട്ട് പ്രകടനങ്ങളാണ് ലഖ്നൗവിനെ രക്ഷിച്ചത്. 213 റൺസ് എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 4 ഓവറിൽ തന്നെ 3 വിക്കറ്റ് നഷ്ടമായി. പൂർണ്ണമായും ബാംഗ്ലൂരിൻ്റെ കയ്യിലിരുന്ന മത്സരത്തെ മാറ്റിമറിച്ചത് മാർക്കസ് സ്റ്റോയ്നിസിൻ്റെ വെടിക്കെട്ട് പ്രകടനമാണ്.

3.4 ഓവറിൽ വെറും 23 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു ലഖ്നൗ. ഒരു ഘട്ടത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ച മാർക്കസ് സ്റ്റോയ്നിസിനെ 65 റൺസിന് പുറത്താക്കിയതോടെ ബാംഗ്ലൂർ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും സ്റ്റോയ്നിസ് നടത്തിയത് വെറും സാമ്പിൾ വെടിക്കെട്ടെന്ന പോലെയാണ് നിക്കോളാസ് പുരൻ ബാറ്റിംഗ് സ്ഫോടനം നടത്തിയത്. വെറും 19 പന്തിൽ നിന്നും 62 റൺസുമായി നിക്കോളാസ് പുരൻ മടങ്ങുമ്പോഴേക്കും മത്സരം ലഖ്നൗ സ്വന്തമാക്കിയിരുന്നു.

അതേസമയം 213 എന്ന വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിനായി നിറം മങ്ങിയ പ്രകടനമാണ് നായകൻ കെ എൽ രാഹുൽ നടത്തിയത്. മാർക്കസ് സ്റ്റോയ്നിസും നിക്കോളാസ് പുരനുമെല്ലാം തകർത്തടിച്ച പിച്ചിൽ 20 പന്തിൽ നിന്നും വെറും 18 റൺസ് മാത്രമാണ് കെ എൽ രാഹുൽ നേടിയത്. കൂടുതൽ പന്തുകൾ രാഹുൽ ക്രീസിൽ നിന്നിരുന്നെങ്കിൽ ബാംഗ്ലൂരിൻ്റെ വിജയസാധ്യത വർധിക്കുമായിരുന്നുവെന്ന് കരുതുന്നവരാണ് അധികവും. അവസാന ഓവറിൽ 5 റൺസായിരുന്നു ലഖ്നൗവിന് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യമെങ്കിലും അവസാന ബോളിലാണ് ലഖ്നൗ വിജയം സ്വന്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :