ടി20യിൽ കോലിയെന്തിന്? ഏകദിനത്തിലോ ടെസ്റ്റിലോ പോയി ഫോം വീണ്ടെടുക്കട്ടെ.. മറുപടി ടി20യിലെ സെഞ്ചുറിയിലൂടെ നൽകി കിംഗ്

അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (15:09 IST)
രണ്ടര വർഷത്തിന് മുകളിലായി അന്താരാഷ്ട്രക്രിക്കറ്റിൽ കാര്യമായ നേട്ടങ്ങളൊന്നും കാഴ്ചവെയ്ക്കാൻ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ആയിരുന്നില്ല. 50ന് മുകളിൽ സ്കോർ ചെയ്യാൻ പലപ്പോഴായി സാധിച്ചുവെങ്കിലും എഴുപത്തിയൊന്നാം രാജ്യാന്തര സെഞ്ചുറി എന്ന നേട്ടം പലപ്പോഴും കോലിയുടെ കൈയകലത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

പല മത്സരങ്ങളിലും നന്നായി തുടങ്ങുമെങ്കിലും അതെല്ലാം വലിയ സ്കോറുകളിൽ ആക്കുന്നതിൽ താരം പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഒക്ടോബറിൽ ടി20 ലോകകപ്പ് നടക്കാനിരിക്കുമ്പോഴും തൻ്റെ പ്രതാപകാലത്തിൻ്റെ നിഴലിൽ മാത്രമായിരുന്നു കോലി. തുടർച്ചയായി മോശം പ്രകടനം വന്നപ്പോൾ ആഭ്യന്തര ക്രിക്കറ്റിലോ കൗണ്ടിയിലോ പോയി ഫോം വീണ്ടെടുക്കാനോ ദുർബലരായ സിംബാബ്‌വെയ്ക്ക്തിരെ തിരിച്ചുവരാനോ കോലി ശ്രമിച്ചില്ല എന്നത് വിമർശനത്തിനിടയാക്കി.

ഒടുവിൽ ഒന്നരമാസക്കാലം നീണ്ട ഇടവേളയ്ക്കൊടുവിൽ ഏഷ്യാകപ്പാണ് കിംഗ് തൻ്റെ തിരിച്ചുവരവിന് വേദിയാക്കി പ്രഖ്യാപിച്ചത്. എന്നാൽ ഏഷ്യാകപ്പിലെ മോശം പ്രകടനം ലോകകപ്പ് ടീമിലെ തൻ്റെ സാന്നിധ്യത്തെ ചോദ്യം ചെയ്യുമെന്ന് കോലിയ്ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ടീമിലെ തൻ്റെ സ്ഥാനത്തിനായി ഒരുകൂട്ടം യുവതാരങ്ങൾ കാത്തിരിക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ ഏഷ്യാക്കപ്പിലൂടെ മറുപടി പറയുക എന്നത് കോലിയ്ക്ക് അത്യാവശ്യം തന്നെയായിരുന്നു.

തുടക്കത്തിൽ ക്രീസിൽ പിടിച്ചുനിന്ന് പതിയെ കത്തികയറുന്ന കോലിയ്ക്ക് ഫോം കണ്ടെത്താനാകാൻ ഏറ്റവും സഹായകമാവുക ഏകദിനമോ ടെസ്റ്റോ ആയിരിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ കടുത്ത ആരാധകർ കൂടെ കരുതിയിരുന്നത്. എന്നാൽ കോലി തൻ്റെ വിമർശകർക്കെല്ലാം മറുപടി നൽകാൻ തെരെഞ്ഞെടുത്തത് ടി20 ഫോർമാറ്റായിരുന്നു. ടി20 ലോകകപ്പ് ടീമിൽ തൻ്റെ സാന്നിധ്യം ചോദ്യം ചെയ്തവരുടെ വായടപ്പിക്കാൻ കോലിയ്ക്ക് അത്തരമൊരു ഇന്നിങ്ങ്സ് തന്നെ വേണമായിരുന്നു.

200 സ്ട്രൈയ്ക്ക് റേറ്റിൽ കത്തികയറി ടി20 ഫോർമാറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയും ടി20 ഫോർമാറ്റിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഉയർന്ന സ്കോറും കൂടെ സ്വന്തമാക്കിയാണ് കോലി അഫ്ഗാനെതിരായ മത്സരം അവസാനിപ്പിച്ചത്. ഒക്ടോബറിൽ വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ആത്മവിശ്വാസത്തിൻ്റെ പാരമ്യത്തിലുള്ള കോലി കൂടി എത്തുമ്പോൾ ഇത്തവണ ഇന്ത്യയെ നേരിടുക എന്നത് മറ്റ് ടീമുകൾക്ക് എളുപ്പമാകില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :