ആദ്യ ഓവറുകളിൽ കളിച്ചത് 40 പന്തുകൾ, ആകെ നേടിയത് ഒരു ബൗണ്ടറി: സെമിയിൽ പവർപ്ലേയിലെ രാഹുലിൻ്റെ മെല്ലെപ്പോക്ക് നിർണായകമാകും

അഭിറാം മനോഹർ| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (12:34 IST)
ടി20 ക്രിക്കറ്റിൽ ആദ്യ പന്ത് മുതൽ ആധിപത്യം പുലർത്തി ബൗളർമാരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയാണ് മിക്ക ടീമുകളും പിന്തുടരുന്നത്. കടുത്ത ഫീൽഡ് നിയന്ത്രണമുള്ള ആദ്യ ഓവറുകളിൽ പരമാവധി റൺസ് നേടി മധ്യനിരയിൽ താരങ്ങൾക്ക് സെറ്റിൽ ആവാൻ സമയം നൽകുകയും അവസാനം ആഞ്ഞടിക്കുകയും ചെയ്യുന്നതാണ് ടി20യിൽ വിജയകരമായ രീതി.

മിക്ക ടീമുകളും ഈ രീതിയുമായി മുന്നൊട്ട് പോകുമ്പോൾ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ സമീപനമാണ് ഇന്ത്യ കൈക്കൊള്ളുന്നത്. ഓസീസിൽ നടക്കുന്ന ടി20 ലോകകപ്പ് പരിഗണിക്കുമ്പോൾ പവർപ്ലേയിലെ ആദ്യ ഓവർ തീർത്തും ഒഴിവാക്കുന്നതാണ് ഇന്ത്യൻ രീതി ഇതുവരെ ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിലെ ആദ്യ ഓവറുകളിലായി 40 പന്തുകളാണ് ഇന്ത്യൻ ഓപ്പണിങ് താരം കെ എൽ രാഹുൽ നേരിട്ടത്.


ആകെ 40 പന്തുകളിൽ നിന്നും ആകെ ഒരു ബൗണ്ടറിയോടെ 16 റൺസ് മാത്രമാണ് കെ എൽ രാഹുൽ നേടിയിട്ടുള്ളത്. സിംബാബ്‌വെയ്ക്കെതിരെ നടന്ന അവസാന ടി20 മത്സരത്തിൽ ഫോമിലേയ്ക്ക് മടങ്ങിയെത്തിയെങ്കിലും കൃത്യമായി പറയുകയാണെങ്കിൽ ആദ്യ ഓവർ പാഴാക്കുന്നത് വഴി 19 ഓവർ ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നത്. മികച്ച ബാറ്റർമാർ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെയും ഈ സമീപനവുമായി ഇന്ത്യ ഇറങ്ങുമ്പോൾ ഉപയോഗിക്കപ്പെടാത്ത ഈ ആദ്യ ഓവർ ഇംഗ്ലണ്ട് മുതലാക്കാനാണ് സാധ്യത.

ആദ്യ ഓവറുകളിലെ ഈ റൺവരൾച്ച സൂര്യകുമാറിൻ്റെ അതിമാനുഷികമായ പ്രകടനങ്ങളാണ് മറച്ചുപിടിക്കുന്നത്.സെമി പോരാട്ടത്തിൽ സൂര്യകുമാർ പരാജയപ്പെടുകയാണെങ്കിൽ രാഹുലിൻ്റെ മെല്ലെപ്പോക്ക് ടീമിനെയാകെ ബാധിക്കാനാണ് സാധ്യത കൂടുതൽ. അതിനാൽ തന്നെ പവർ പ്ലേയിലെ ഓപ്പണർമാരുടെ പ്രകടനമാകും ഇന്നത്തെ മത്സരത്തിലെ വിജയികളെ തീരുമാനിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :