ഒപ്പം കളിച്ചു തുടങ്ങിയ ബെൻ സ്റ്റോക്സും ജോ റൂട്ടും ഇതിഹാസ താരങ്ങളായി, ഇപ്പോഴും ഭാവി താരമെന്ന ലേബലിൽ തൂങ്ങി കെ എൽ രാഹുൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (19:59 IST)
ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിവ് തെളിയിച്ച താരങ്ങളാണ് ഇന്ത്യയുടെ കെ എൽ രാഹുൽ ഇംഗ്ലണ്ടിൻ്റെ ബെൻ സ്റ്റോക്സ്, ജോ റൂട്ട് എന്നിവർ.ഒരേ സമയത്ത് കളിജീവിതം ആരംഭിച്ച താരങ്ങൾ അവരുടെ ടീമുകളിലെ മുൻനിര താരങ്ങളാകുമെന്ന് അന്ന് തന്നെ ഉറപ്പായിരുന്നു. ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ പരിമിത ഓവർ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി മാറിയപ്പോൾ ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർ എന്ന പദവിക്കടുത്താണ്.

എന്നാൽ ഇരുവർക്കുമൊപ്പം കളിജീവിതം ആരംഭിച്ച കെ എൽ രാഹുൽ മികച്ചപ്രതിഭയെന്ന് അംഗീകരിക്കപ്പെടുമ്പോഴും ടീമിനായി യാതൊന്നും തെളിയിച്ചിട്ടില്ലാത്ത അവസ്ഥയിലാണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മെല്ലെപ്പോക്ക് ടീമിന് തന്നെ തിരിച്ചടിയാകുന്നതും വലിയ മത്സരങ്ങളിൽ സമ്മർദ്ദത്തിൽ വീഴുന്നതും രാഹുലിനെ പിറകിലേക്കാക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായുള്ള താരത്തിൻ്റെ പ്രകടനവും ദയനീയമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ വർഷം 16 മത്സരങ്ങളിൽ ബാറ്റ് വീശിയ കെ എൽ രാഹുൽ 28.93 ശരാശരിയിൽ 434 റൺസാണ് നേടിയത്. താരത്തിൻ്റെ സ്ലോ ഇന്നിങ്ങ്സുകൾ പലപ്പോഴും ഇന്ത്യയ്ക്ക് ദോഷം ചെയ്യുകയും ചെയ്തു. ടി20 ലോകകപ്പ്,ഏഷ്യാകപ്പ് എന്നിവയിൽ ദയനീയ പ്രകടനമാണ് രാഹുൽ നടത്തിയത്.

ലോകകപ്പിലെ 6 ഇന്നിങ്ങ്സുകളിൽ നിന്ന് 21.33 ശരാശരിയിൽ 128 റൺസും ഏഷ്യാകപ്പിലെ 5 ഇന്നിങ്ങ്സിൽ 26.4 ശരാശരിയിൽ 134 റൺസുമാണ് കെ എൽ രാഹുലിന് നേടാനായത്. ഓപ്പണിങ്ങ് സ്ഥാനത്തിന് അവകാശം ഉന്നയിച്ചുകൊണ്ട് ഇഷാൻ കിഷൻ,ശുഭ്മാൻ ഗിൽ എന്നിവർ മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ കെ എൽ രാഹുലിൻ്റെ മുന്നോട്ടുള്ള യാത്ര തന്നെ പ്രതിസന്ധിയിലാണ്. 2014ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തി നീണ്ട 8 വർഷക്കാലം നീണ്ട കരിയറിൽ കാര്യമായൊന്നും ചെയ്യാൻ ഇതുവരെയും രാഹുലിനായിട്ടില്ല.

അതേസമയം ഒരുമിച്ച് കളി ആരംഭിച്ച ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ 2 ലോകകപ്പ് വിജയങ്ങൾക്ക് പിന്നിൽ നിർണായക സാന്നിധ്യമായി. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് ചുമലിൽ താങ്ങി ജോ റൂട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴും അവസരങ്ങൾ നൽകികൊണ്ട് രാഹുലിനെ വളർത്തിയെടുക്കാനുള്ള തിരക്കിലാണ് ഇന്ത്യൻ സെലക്ടർമാർ. മോശം ഫോമിലാണെങ്കിലും ഏകദിന ടീമിൽ വിക്കറ്റ് കീപ്പർ എന്ന നിലയിലാണ് കെ എൽ രാഹുൽ ഇടം നേടിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :