പന്തിനെ ഒഴിവാക്കിയത് കാൽമുട്ടിലെ പരിക്ക് കാരണമോ, ഫിറ്റ്നസ് വീണ്ടെടുക്കാൻ താരം എൻസിഎയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (14:40 IST)
ടെസ്റ്റ് ക്രിക്കറ്റിൽ നിരന്തരം കീപ്പറെന്ന നിലയിലും ബാറ്റർ എന്ന നിലയിലും സാധിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ വളരെ മോശം പ്രകടനമാണ് റിഷഭ് പന്ത് നടത്തിയിട്ടുള്ളത്. എങ്കിലും നിരന്തരമായി ടി20,ഏകദിന ടീമുകളിൽ സ്ഥാനം കണ്ടെത്താൻ താരത്തിനായിരുന്നു.

പരിമിത ഓവറിലെ മോശം പ്രകടനങ്ങൾക്ക് ശേഷം നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ റിഷഭ് പന്ത് തിളങ്ങിയിരുന്നു. എന്നാൽ പരിമിത ഓവറിലെ മോശം പ്രകടനത്തിൻ്റെ കാരണത്താൽ ശ്രീലങ്കക്കെതിരായ ടി20,ഏകദിന ടീമുകളിൽ നിന്ന് താരത്തിന് സ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ മോശം ഫോമല്ല കാൽമുട്ടിലെ പരിക്കാണ് പന്തിനെ മാറ്റി നിർത്താൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ പന്തിന് നിർദേശമുണ്ടായിരുന്നു. ഫിറ്റ്നസ് വീണ്ടെടുക്കാനായി ജനുവരി 3 മുതൽ 15 വരെ താരം എൻസിഎയിൽ തുടരും. ശ്രീലങ്കൻ പര്യടനത്തിന് ശേഷമുള്ള ഓസീസിനെതിരായ ടെസ്റ്റ് പരമ്പര മുന്നിൽ കണ്ടാണ് താരത്തിന് വിശ്രമം നൽകിയിട്ടുള്ളത്.

റിഷഭ് പന്ത് ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസണിനെ ടി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇഷാൻ കിഷാനെയും കെ എൽ രാഹുലിനെയുമാണ് ഏകദിനത്തിൽ വിക്കറ്റ് കീപ്പർമാരായി പരിഗണിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :