രേണുക വേണു|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (12:06 IST)
Sanju Samson: ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ വമ്പന്‍ ട്വിസ്റ്റിന് സാധ്യത. ഓപ്പണര്‍ ബാറ്റര്‍ കെ.എല്‍.രാഹുലിന്റെ ഫോമില്‍ സെലക്ടര്‍മാര്‍ക്ക് ആശങ്കയുള്ളതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ പരുക്കില്‍ നിന്ന് മുക്തനായി എത്തിയ കെ.എല്‍.രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഫിറ്റ്‌നെസ് ടെസ്റ്റ് പാസാകണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാഹുലിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ ഇപ്പോഴും ഉണ്ട്. ഏഷ്യാ കപ്പിനുള്ള ടീം ദുബായിയിലേക്ക് പറക്കുന്നതിനു മുന്‍പ് ഫിറ്റ്‌നെസ് ടെസ്റ്റ് പാസാകണമെന്നാണ് രാഹുലിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ' രാഹുല്‍ പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ട്. എങ്കിലും ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന ഫിറ്റ്‌നെസ് ടെസ്റ്റ് കൂടി അദ്ദേഹം പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു,' ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ച് അടുത്ത ആഴ്ചയായിരിക്കും രാഹുലിന്റെ ഫിറ്റ്‌നെസ് ടെസ്റ്റ്.
അതേസമയം, രാഹുല്‍ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ നിലവില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ബാക്കപ്പായി ഇടം നേടിയിട്ടുള്ള ശ്രേയസ് അയ്യര്‍ക്കാണ് കൂടുതല്‍ സാധ്യത. എന്നാല്‍ മലയാളി താരം സഞ്ജു സാംസണെ കൂടി രാഹുലിനെ പകരക്കാരനായി ബിസിസിഐ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഒരു മത്സരത്തില്‍ പോലും രാഹുല്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുമായി നാട്ടില്‍ നടന്ന ട്വന്റി 20 പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു പരിശീലനത്തിനിടെ താരത്തിന്റെ നാഭി ഭാഗത്തു പരിക്കേറ്റത്. തുടര്‍ന്ന് ജര്‍മനിയില്‍ വച്ച് ശസ്ത്രക്രിയക്കു വിധേയനായ രാഹുല്‍ വിശ്രമത്തിലുമായിരുന്നു. മടങ്ങിവരവിന്റെ വക്കില്‍ നില്‍ക്കെ താരത്തിനു കോവിഡും പിടിപെട്ടു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് പര്യടനം രാഹുലിനു നഷ്ടമാവുകയും ചെയ്തു.