ഇനിയെങ്കിലും മാറുമോ? രാഹുലിന്റെ സമീപനം ചോദ്യം ചെയ്ത് ആരാധകര്‍; തിരുത്തിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി

മറുവശത്ത് ഇന്ത്യക്ക് ഇനിയും ചില തലവേദനകള്‍ ബാക്കിയാണ്. അതില്‍ പ്രധാനപ്പെട്ട തലവേദനയാണ് ടോപ് ഓര്‍ഡര്‍ ബാറ്റിങ് പരാജയം

രേണുക വേണു| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (13:47 IST)

രണ്ടാം ട്വന്റി 20 ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് രണ്ട് ജയം മാത്രം അകലെയാണ് ഇന്ത്യ ഇനി. സെമി ഫൈനല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയാണ് ആദ്യ കടമ്പ. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. ടി 20 ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ടീമാണ് ഇംഗ്ലണ്ട്. മാത്രമല്ല ട്വന്റി 20 ക്രിക്കറ്റിന് യോജിച്ച ലൈനപ്പും ഇംഗ്ലണ്ടിനുണ്ട്.

മറുവശത്ത് ഇന്ത്യക്ക് ഇനിയും ചില തലവേദനകള്‍ ബാക്കിയാണ്. അതില്‍ പ്രധാനപ്പെട്ട തലവേദനയാണ് ടോപ് ഓര്‍ഡര്‍ ബാറ്റിങ് പരാജയം. രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ കൂട്ടുകെട്ടിന് പ്രതീക്ഷിച്ച രീതിയില്‍ തിളങ്ങാന്‍ സാധിക്കുന്നില്ല. രോഹിത് ശര്‍മ എങ്ങനെയെങ്കിലും ഫോമിലേക്ക് തിരിച്ചെത്തുക ഇന്ത്യക്ക് അത്യാവശ്യമാണ്.

കെ.എല്‍.രാഹുലിന്റെ സമീപനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ടീം മാനേജ്‌മെന്റിനു ഇടയിലും രാഹുലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പവര്‍പ്ലേ പരമാവധി ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. ആദ്യ ഓവറുകളിലെ രാഹുലിന്റെ മെല്ലെപ്പോക്ക് ടീമിനെ മുഴുവനായും പ്രതിസന്ധിയിലാക്കുന്നു.

പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ രാഹുല്‍ ശ്രമിക്കണമെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. തുടക്കത്തില്‍ തന്നെ ഡോട്ട് ബോളുകള്‍ ധാരാളം ഉണ്ടാകുന്നത് പിന്നീട് വരുന്ന ബാറ്റര്‍മാര്‍ക്ക് തലവേദനയാകുന്നു. പവര്‍പ്ലേയില്‍ മികച്ച റണ്‍സ് കണ്ടെത്താന്‍ ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ ഒരു കളിയിലും ഇതുവരെ സാധിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :