രേണുക വേണു|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (11:58 IST)
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഡിസംബര്‍ ആറിനു അഡ്‌ലെയ്ഡ് ഓവലില്‍ ആരംഭിക്കും. പിങ്ക് ബോളില്‍ ഡേ-നൈറ്റ് ആയാണ് രണ്ടാം ടെസ്റ്റ് നടക്കുക. പെര്‍ത്തിലെ ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന നായകന്‍ രോഹിത് ശര്‍മ അഡ്‌ലെയ്ഡില്‍ ഇന്ത്യക്കായി ഇറങ്ങും. രോഹിത് പ്ലേയിങ് ഇലവനില്‍ എത്തുമ്പോള്‍ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ കെ.എല്‍.രാഹുല്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് ആരാധകര്‍.
രാഹുലിനു വേണ്ടി രോഹിത് ഓപ്പണര്‍ സ്ഥാനം ഒഴിയുമെന്നും മധ്യനിരയില്‍ ബാറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടീമില്‍ ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കെ.എല്‍.രാഹുല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പ്ലേയിങ് ഇലവനില്‍ താന്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യം തനിക്ക് അറിയാമെന്നും എന്നാല്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
' അതിനെ കുറിച്ച് എനിക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങളുമായി ആ കാര്യം പങ്കിടരുതെന്നും എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്,' രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഓപ്പണര്‍ ആയാല്‍ രോഹിത് ശര്‍മ അഞ്ചാമതോ ആറാമതോ ആയിരിക്കും ബാറ്റ് ചെയ്യാനെത്തുക. ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല.
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്