രേണുക വേണു|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (10:17 IST)
Don Bradman's Baggy Green Cap: ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ചരിത്രപ്രധാനമായ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തില്‍ പോയത് വന്‍ തുകയ്ക്ക്. ബൊന്‍ഹാംസ് ഓക്ഷന്‍ ഹൗസ് സംഘടിപ്പിച്ച ലേലത്തില്‍ രണ്ട് കോടി 63 ലക്ഷം രൂപയാണ് (2.63 കോടി) ബ്രാഡ്മാന്‍ തൊപ്പിക്ക് ലഭിച്ചത്. ഡിസംബര്‍ 3 ചൊവ്വാഴ്ചയായിരുന്നു ലേലം.
സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് നടത്തിയ ആദ്യ പര്യടനത്തില്‍ ബ്രാഡ്മാന്‍ ധരിച്ച തൊപ്പിയാണ് ഇത്. ഇന്ത്യക്കെതിരായ ഈ പരമ്പരയില്‍ (1947-48) ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 178.75 ശരാശരിയില്‍ 715 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്കായി ബ്രാഡ്മാന്‍ നേടിയത്. ഒരു ഇരട്ട സെഞ്ചുറിയും മൂന്ന് സെഞ്ചുറിയും അടക്കമാണിത്.
നേരത്തെ ബ്രാഡ്മാന്‍ 1928ലെ അരങ്ങേറ്റ മത്സരത്തില്‍ ഉപയോഗിച്ച തൊപ്പി 2020 ല്‍ 2,90,000 ഡോളറിനാണ് ലേലത്തില്‍ പോയത്. ഇയ്യിടെ ഈ തൊപ്പി ആരാധകര്‍ക്കു കാണാനായി മെല്‍ബണിലും സിഡ്നിയിലും പ്രദര്‍ശനത്തിന് വെച്ചിരുന്നു.