രേണുക വേണു|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (09:18 IST)
MS Dhoni and Harbhajan Singh
Harbhajan Singh and MS Dhoni: ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയോടു സംസാരിച്ചിട്ട് 10 വര്‍ഷത്തില്‍ കൂടുതലായെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ധോണിയുമായി നല്ല അടുപ്പത്തിലല്ലെന്നും പിണക്കത്തിന്റെ കാരണം കൃത്യമായി അറിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. ന്യൂസ് 18 ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍.
' ഞാന്‍ ധോണിയോടു സംസാരിക്കാറില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കുന്ന സമയത്ത് അദ്ദേഹത്തോടു സംസാരിച്ചിരുന്നു. അതിനുശേഷം ഞങ്ങള്‍ മിണ്ടിയിട്ടില്ല. പരസ്പരം സംസാരിക്കാതെ ഇപ്പോള്‍ 10 വര്‍ഷത്തില്‍ അധികമായി കാണും. എനിക്ക് പ്രത്യേകിച്ചു കാരണങ്ങളൊന്നും ഇല്ല, അദ്ദേഹത്തിനു ചിലപ്പോള്‍ ഉണ്ടായിരിക്കാം. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒന്നിച്ചു ഐപിഎല്‍ കളിച്ചിരുന്ന സമയത്ത് ഞങ്ങള്‍ എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നു. പക്ഷേ ആ സംസാരം ഗ്രൗണ്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നു. അതിനുശേഷം അദ്ദേഹം എന്റെ റൂമിലേക്കോ ഞാന്‍ അദ്ദേഹത്തിന്റെ റൂമിലേക്കോ സംസാരിക്കാന്‍ പോകാറില്ല,' ഹര്‍ഭജന്‍ പറഞ്ഞു.
' അദ്ദേഹത്തിനെതിരെ പറയാന്‍ എനിക്ക് ഒന്നുമില്ല. ധോണിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്‌നം എന്നോടുണ്ടെങ്കില്‍ അദ്ദേഹത്തിനു തുറന്നുപറയാം. അങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എന്നോടു ഇതിനോടകം പറയുമായിരുന്നു. എന്റെ ഫോണ്‍ കോളുകള്‍ എടുക്കുന്നവരെ മാത്രമേ ഞാന്‍ വിളിക്കൂ. അങ്ങനെയുള്ളതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. മാത്രമല്ല എനിക്കതിനുള്ള സമയവുമില്ല. എന്നോടു സൗഹൃദത്തില്‍ ആയിരിക്കുന്നവരെ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു സൗഹൃദമെന്നു പറഞ്ഞാല്‍ അത് പരസ്പരം കൊടുക്കല്‍-വാങ്ങല്‍ ആണ്. ഞാന്‍ നിങ്ങളെ ബഹുമാനിക്കുകയാണെങ്കില്‍ നിങ്ങള്‍ തിരിച്ചും എന്നെ ബഹുമാനിക്കും. ഒന്നോ രണ്ടോ തവണ വിളിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെങ്കില്‍, എനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രമേ പിന്നെ ഞാന്‍ നിങ്ങളെ പരിഗണിക്കൂ,' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ 2011 ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ മഹേന്ദ്രസിങ് ധോണി നയിച്ച ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഹര്‍ഭജന്‍ സിങ്.