സച്ചിനും കോലിയുമായി ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല, കാംബ്ലിക്ക് ഇതിനേക്കാള്‍ മികച്ച തുടക്കം ലഭിച്ചിരുന്നു; ഗില്ലിന്റെ പ്രകടനത്തെ കുറിച്ച് കപില്‍ ദേവ്

രേണുക വേണു| Last Modified തിങ്കള്‍, 29 മെയ് 2023 (10:21 IST)
ശുഭ്മാല്‍ ഗില്ലിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയുമായി ഇപ്പോള്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് കപില്‍ ദേവ്. ഐപിഎല്‍ 2023 സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 851 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയിരിക്കുന്നത്. ഈ സീസണില്‍ മാത്രം ഗില്‍ മൂന്ന് സെഞ്ചുറി നേടി. അതിനു പിന്നാലെയാണ് വിരാട് കോലിക്ക് ശേഷമുള്ള അടുത്ത ഇന്ത്യന്‍ ലെജന്‍ഡ് ആകും ഗില്‍ എന്ന് ആരാധകര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ നിലവില്‍ അങ്ങനെയൊരു താരതമ്യത്തിനു സമയമായിട്ടില്ലെന്നാണ് കപില്‍ പറയുന്നത്.

ഗില്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരുമായി താരതമ്യം ചെയ്യാന്‍ സമയമായിട്ടില്ലെന്ന് കപില്‍ പറയുന്നു. വളരെ മികച്ചവന്‍ എന്ന് പറയണമെങ്കില്‍ ഇതുപോലെ അടുത്ത ഏതാനും സീസണുകളില്‍ കൂടി സ്ഥിരതയോടെ പ്രകടനം നടത്തണമെന്നാണ് കപില്‍ പറയുന്നത്.

' സുനില്‍ ഗവാസ്‌കര്‍ വന്നു, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വന്നു, പിന്നെ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോലി എന്നിവരൊക്കെ വന്നു. ഇപ്പോള്‍ ഗില്‍ സമാന രീതിയില്‍ കളിക്കുന്നു. അവരുടെ പാതയാണ് ഗില്ലും പിന്തുടരുന്നത്. എന്നാല്‍ ഗില്ലിനെ കുറിച്ച് വലിയ എന്തെങ്കിലും പ്രതീക്ഷ പ്രകടിപ്പിക്കുന്നതിനു മുന്‍പ് ഒരു സീസണ്‍ കൂടി നോക്കണം. തീര്‍ച്ചയായും അദ്ദേഹത്തിനു നല്ല കഴിവുണ്ട്. പക്ഷേ വലിയ താരങ്ങള്‍ക്കൊപ്പം താരതമ്യം ചെയ്യാറായിട്ടില്ല,'

' ഗവാസ്‌കറിനും സച്ചിനും കോലിക്കും ശേഷമുള്ള താരം എന്ന് പറയണമെങ്കില്‍ ഇതുപോലെ ഒരു സീസണ്‍ കൂടി ആവശ്യമാണ്. ഒന്നോ രണ്ടോ സീസണുകള്‍ക്ക് ശേഷമായിരിക്കും ബൗളര്‍മാര്‍ നമ്മുടെ കരുത്തും പോരായ്മകളും തിരിച്ചറിയുന്നത്. ഇതുപോലെ മൂന്നോ നാലോ സീസണുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്ക് അദ്ദേഹത്തെ മികച്ച താരമെന്ന് വിളിക്കാം. നിലവിലെ മികച്ച ഫോം ഗില്‍ എത്ര കാലം തുടരുമെന്ന് നമുക്ക് നോക്കാം. അദ്ദേഹത്തിന്റെ കഴിവില്‍ എനിക്ക് സംശയമൊന്നും ഇല്ല. രാജ്യാന്തര കരിയറില്‍ വളരെ മികച്ച തുടക്കം ലഭിച്ച ആളാണ് വിനോദ് കാംബ്ലി. പക്ഷേ അദ്ദേഹത്തിനു സംഭവിച്ചത് എന്താണെന്ന് അറിയാമല്ലോ. നിലവിലെ അവസ്ഥയെ ഹാന്‍ഡില്‍ ചെയ്യാന്‍ ഗില്ലിന് സാധിക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം,' കപില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :