ഏകദിന ലോകകപ്പ്: ബെൻ സ്റ്റോക്സിനെ ടീമിൽ തിരികെയെത്തിക്കാനുള്ള ശ്രമവുമായി ജോസ് ബട്ട്‌ലർ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (15:05 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളിലും തിളങ്ങുന്ന താരമല്ലെങ്കിലും പ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാകുന്ന ചില താരങ്ങളുണ്ട്. ആധുനിക ക്രിക്കറ്റില്‍ ഇത്തരം താരങ്ങളുടെ പട്ടികയെടുത്താല്‍ അതിലെ ആദ്യപേരുകാരന്‍ ബെന്‍ സ്‌റ്റോക്‌സ് എന്ന് തന്നെയാകും. എല്ലാ മത്സരങ്ങളിലും തിളങ്ങാനായില്ലെങ്കിലും പല നിര്‍ണായകമായ മത്സരങ്ങളിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയതിന്റെ ചരിത്രം ബെന്‍ സ്‌റ്റോക്‌സിനുണ്ട്. ഇംഗ്ലണ്ടിന്റെ ഷെല്‍ഫില്‍ ഇരിക്കുന്ന ഏകദിന, ടി20 ലോകകപ്പ് ട്രോഫികള്‍ക്ക് ഇംഗ്ലണ്ട് അതിനാല്‍ ഏറ്റവും നന്ദി പറയുന്നത് സ്‌റ്റോക്‌സിനോടാണ്.

2022ലാണ് ബെസ്റ്റ് സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്നും തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ 2019ലെ ലോകകപ്പ് ഇംഗ്ലണ്ടിന് നേടികൊടുത്തതില്‍ പ്രധാനിയായ താരത്തിനെ 2023ലെ ലോകകപ്പില്‍ നഷ്ടപ്പെടുത്താന്‍ ഇംഗ്ലണ്ട് ഒരുക്കമല്ല. നിലവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണെങ്കിലും താരത്തെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്. ഇംഗ്ലണ്ട് ലിമിറ്റഡ് ഓവര്‍ ടീം നായകന്‍ ജോസ് ബട്ട്‌ലര്‍ സ്‌റ്റോക്‌സിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിര്‍ണായകമായ മത്സരങ്ങളില്‍ സമ്മര്‍ദ്ദങ്ങളില്‍ അടിപ്പെടാതെ ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ പലകുറി വിജയിച്ച താരമാണ് സ്‌റ്റോക്‌സ്. അതിനാല്‍ തന്നെ സമ്മര്‍ദ്ദം നിറഞ്ഞ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ താരത്തിന്റെ സാന്നിധ്യം കരുത്ത് പകരുമെന്നാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ പ്രതീക്ഷിക്കുന്നത്. സ്‌റ്റോക്‌സിനൊപ്പം പരിക്കില്‍ നിന്നും മുക്തനായ ജോഫ്ര ആര്‍ച്ചറും ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയേക്കും. ലോകകപ്പിന് ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ സ്‌റ്റോക്‌സ് ഏകദിനത്തില്‍ തിരികെയെത്തുമോ എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :