ഫുൾഫോമിൽ തിരിച്ചെത്തി ഇംഗ്ലണ്ടിൻ്റെ വേട്ടക്കാരൻ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 6 വിക്കറ്റുമായി ആർച്ചർ

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (15:07 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ജോഫ്ര ആർച്ചറുടെ തകർപ്പൻ ബൗളിംഗ് മികവിൽ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. നായകൻ ജോസ് ബട്ട്‌ലറുടെ സെഞ്ചുറിയുടെ ബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 346 റൺസാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 43.1 ഓവറിൽ 287 റൺസെടുക്കാനെ ക്ഴിഞ്ഞുള്ളു. 40 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ ജോഫ്ര ആർച്ചറാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിൻ്റെ വിക്കറ്റുകൾ തുടക്കം നഷ്ടമായെങ്കിലും ഡേവിഡ് മലാൻ്റെയും നായകൻ ജോസ് ബട്ട്‌ലറുടെയും സെഞ്ചുറികൾ ടീമിനെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. മലാൻ 114 പന്തിൽ 118ഉം ജോസ് ബട്ട്‌ലർ 127 പന്തിൽ 131ഉം റൺസെടുത്തു. അവസാന ഓവറുകളിൽ 23 പന്തിൽ നിന്നും 41 റൺസുമായി മൊയിൻ അലിയും ഇംഗ്ലണ്ടിനായി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി നായകൻ തെംബ ബവുമ(35)ഉം റീസ ഹെൻഡ്രിക്സും (52) മികച്ചതുടക്കം നൽകിയെങ്കിലും തെംബ ബവുമ പുറത്തായതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു.വാൻഡർ ഡസ്സൻ, എയ്ഡൻ മാക്രം,ഹെൻറിച്ച് ക്ലാസൻ,ഡേവിഡ് മില്ലർ എന്നിവരെ എളുപ്പത്തിൽ മടക്കിയ ആർച്ചർ ഇംഗ്ലണ്ടിൻ്റെ വിജയം എളുപ്പമാക്കി.

പരിക്ക് മൂലം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം മൈതാനത്തെത്തിയ ജോഫ്ര ആർച്ചറുടെ ഏകദിനത്തിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. വിദേശത്ത് ഇംഗ്ലണ്ടിനായി ഏകദിനങ്ങളിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടവും മത്സരത്തിൽ ആർച്ചർ സ്വന്തമാക്കി. നേരത്തെ പരമ്പരയിലെ 2 മത്സരങ്ങളും വിജയിച്ച ദക്ഷിണാഫ്രിക്കയാണ് ഏകദിനപരമ്പര സ്വന്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :