ഒടുവിൽ റൂട്ടിലായി ജോ റൂട്ട്, സീരീസിൽ ആദ്യമായി വിക്കറ്റ് നഷ്ടമില്ലാതെ ഒരു സെഷൻ അവസാനിപ്പിച്ച് ഇംഗ്ലണ്ട്

Joe Root
അഭിറാം മനോഹർ| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (14:35 IST)
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും തിരികെവന്ന് ഇംഗ്ലണ്ട്. അരങ്ങേറ്റക്കാരനായ ആകാശ് ദീപ് സിംഗിനൊപ്പം രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഉച്ച ഭക്ഷണത്തിന് ശേഷമുള്ള സെഷന്‍ അവസാനിക്കുമ്പോള്‍ 61 ഓവറില്‍ 198 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇതാദ്യമായാണ് പരമ്പരയില്‍ ഒരു സെഷനില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കുന്നത്.

67 റണ്‍സുമായി ജോ റൂട്ടും 28 റണ്‍സുമായി വിക്കറ്റ് കീപ്പിംഗ് താരം ബെന്‍ ഫോക്‌സുമാണ് നിലവില്‍ ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുക്കെട്ടാണ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തിരികെയെത്തിച്ചത്. പരമ്പരയിലുടനീളം ആക്രമണോത്സുകമായി കളിക്കാന്‍ ശ്രമിച്ചാണ് ജോ റൂട്ട് ഇതുവരെ പുറത്തായിരുന്നത്. എന്നാല്‍ ബാസ്‌ബോള്‍ ശൈലിയില്‍ നിന്നും മാറി പരമ്പരാഗതമായ ടെസ്റ്റ് ശൈലിയിലേക്ക് റൂട്ട് മടങ്ങിയതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ ജോലി ഇരട്ടിയാകുകയായിരുന്നു.

അതേസമയം റൂട്ടിന്റെ ഇന്നിങ്ങ്‌സിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്‌സ് രംഗത്ത് വന്നു. ബാസ്‌ബോള്‍ ജോ റൂട്ട് എന്ന കളിക്കാരനെ നശിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. ടീമില്‍ ഉറച്ചുനില്‍ക്കുന്ന താരത്തിന്റെ റോളാണ് റൂട്ട് ചെയ്യേണ്ടതെന്നും മറ്റുള്ളവര്‍ ബാസ്‌ബോള്‍ കളിക്കട്ടെയെന്നും ഡിവില്ലിയേഴ്‌സ് എക്‌സില്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :