അഭിറാം മനോഹർ|
Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (15:01 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്‌സ്. റൂട്ടിന് അനുയോജ്യമായ ശൈലിയല്ല ബാസ്‌ബോളെന്നും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായിരുന്ന റൂട്ട് നിലവില്‍ ആ നിലവാരത്തിലുള്ള കളിക്കാരനല്ലെന്നും എ ബി ഡി പറഞ്ഞു.
ഞാന്‍ റൂട്ടിനെതിരെ കളിച്ചപ്പോള്‍ ഞാന്‍ ഇതുവരെ കളിച്ചിട്ടുള്ളവരില്‍ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ ഇന്ന് അത് മാറി. ബാസ്‌ബോള്‍ ശൈലിയാണ് അതിന് കാരണമെന്ന് കരുതുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ പുറത്താക്കാന്‍ പ്രയാസമുള്ള താരമായിരുന്നു റൂട്ട്. എന്നാല്‍ ഇന്ന് നോക്കു. റിവേഴ്‌സ് സ്വീപ്പുകളിലും തന്റെ പതിവ് തെറ്റിച്ചുള്ള ഷോട്ടുകളിലുമാണ് റൂട്ട് പുറത്താകുന്നത്. എനിക്കത് ഇഷ്ടമല്ല. ഡിവില്ലിയേഴ്‌സ് പറഞ്ഞു.