കോഹ്‌ലി സൂക്ഷിച്ചുവച്ച 46മത് ഓവര്‍, ഓസീസ് തോറ്റത് ഇവിടെ; ഇതും ഒരു ഹീറോയിസമാണ്!

 Jasprit Bumrah , Australia , team india , cricket , kohli , ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , വിജയ് ശങ്കര്‍ , ജസ്‌പ്രിത് ബുമ്ര
നാഗ്‌പുര്‍| Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (16:53 IST)
ലോകകപ്പ് വര്‍ഷമായ 2019ല്‍ ത്രസിപ്പിക്കുന്ന രണ്ട് ഏകദിന വിജയങ്ങള്‍. പേരുകേട്ട ഓസ്‌ട്രേലിയക്കെതിരെ വിശാഖപട്ടണത്തും നാഗ്‌പൂരിലും ജയം പിടിച്ചെടുത്ത ടീം ഇന്ത്യ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി. ആരൊക്കെ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് നിര്‍ണയിക്കുന്ന ഈ പരമ്പര മുന്‍‌നിര താരങ്ങള്‍ക്കൊഴിച്ചുള്ളവര്‍ക്ക് കടുത്ത വെല്ലുവിളിയാണ്.

വിശാഖപട്ടണത്ത് മഹേന്ദ്ര സിംഗ് ധോണിയും കേദാര്‍ ജാദവും രക്ഷകരായപ്പോള്‍ നഗ്‌പൂരില്‍ ജയം നേടിത്തന്നത് ത്രിമൂര്‍ത്തികളാണ്. കോഹ്‌ലിയുടെ സെഞ്ചുറിയും വിജയ് ശങ്കറിന്റെ അവസാന ഓവറും ജസ്‌പ്രിത് ബുമ്രയുടെ ഡെത്ത് ഓവറുകളുമാണ് മത്സരം ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചത്.

ഒരു ഘട്ടത്തില്‍ ഓസീസിന്റെ കൈയിലിരുന്ന മത്സരം ഇന്ത്യക്ക് തട്ടിപ്പറിച്ച് കൊടുത്തത് ബുമ്രയാണ്. ഒന്നാം ഏകദിനത്തില്‍ 10 ഓവറില്‍ 60 വഴങ്ങിയ ബുമ്ര നാഗ്‌പുരില്‍ തന്റെ വിശ്വരൂപം പുറത്തെടുത്തു. രണ്ട് വിക്കറ്റുകള്‍ നേടി 10 ഓവറില്‍ നല്‍കിയത് 29 റണ്‍സ് മാത്രമാണെന്നതാണ് ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിക്കുന്നത്.

ഓസീസ് ഇന്നിംഗ്‌സിന്റെ നിര്‍ണായകമായ അവസാന അഞ്ച് ഓവറുകളില്‍ പന്ത് എറിയാന്‍ എത്തിയത് മുഹമ്മദ് ഷമിയും, ബുമ്രയും വിജയ് ശങ്കറുമാണ്.

അവസാന ഓവറിലെ മികച്ച ബോളിംഗിലൂടെ വിജയ് ശങ്കര്‍ ജയമൊരുക്കിയെങ്കിലും ഇതിന് കളമൊരുക്കിയത് ബുമ്രയും ഷമിയുമാണ്. ഇതില്‍ ബുമ്രയുടെ ഓവറുകളിലാണ് സന്ദര്‍ശകര്‍ മുട്ടിടിച്ച് വീണത്. മത്സരത്തിന്റെ ഗതി മാറിയത് ബുമ്രയുടെ 46മത് ഓവറിലാണ്. പിഞ്ച് ഹിറ്റുകൾക്കു പേരുകേട്ട നേഥൻ കോൾട്ടർ നീലിനെ രണ്ടാം പന്തിൽ ക്ലീൻ ബോൾഡാക്കിയ ഇന്ത്യന്‍ പേസര്‍ ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം കമ്മിൻസിനെയും പറഞ്ഞയച്ചു.

രണ്ട് വിക്കറ്റുകള്‍ നിലം പൊത്തിയതോടെ 24 പന്തിൽ രണ്ടു വിക്കറ്റ് കയ്യിലിരിക്കെ 29 റൺസ്
വേണമെന്ന നിലയിലേക്ക് ഓസീസ് വീണു. 47മത് ഓവര്‍ എറിഞ്ഞ ഷമി റണ്‍സ് വിട്ടു നല്‍കിയപ്പോള്‍ 18 പന്തിൽ 21റണ്‍സ് മതിയെന്ന നിലയിലായി കങ്കാരുക്കള്‍. ഓസീസ് ക്യാമ്പ് ജയം സ്വപ്‌നം കണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത ഓവര്‍ എറിയാന്‍ ബുമ്ര വീണ്ടുമെത്തി. ഈ ഓവറില്‍ അദ്ദേഹം വഴങ്ങിയത് ഒരു റണ്‍ മാത്രമാണ്.

ബുമ്രയുടെ ഈ ഓവറുകളാണ് ഇന്ത്യന്‍ വിജയത്തിന്റെ ചവിട്ടുപടിയായത്. ആദ്യ സ്‌പെല്ലില്‍ വിക്കറ്റ് നേടാതിരുന്നതിന് പിന്നാലെയാണ് ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍ ആഞ്ഞടിച്ചത്. ഈ ഓവറുകളിലാണ് ഓസീസിന്റെ കൈയില്‍ നിന്നും ജയം വഴുതിയത്. എന്തുകൊണ്ടാണ് ഏകദിന റാങ്കിംഗില്‍ താന്‍ ഒന്നാമത് തുടരുന്നതെന്ന് ബുമ്ര തെളിയിക്കുകയായിരുന്നു നാഗ്‌പുരില്‍.

ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ഇംഗ്ലണ്ടിലെ പേസുള്ള പിച്ചുകളില്‍ ബുമ്ര കൂടുതല്‍ അപകടകാരിയാകുമെന്ന് ഉറപ്പാണ്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ പന്തെറിയാന്‍ ഇംഗ്ലീഷ് പിച്ചുകളുടെ സ്വഭാവം ബുമ്രയെ സഹായിക്കും. ലോകത്തിലെ ഏറ്റവും മികച്ച സീം ബോളര്‍ ബുമ്രയാണെന്ന് ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം മൈക്കല്‍ വോണ്‍ വ്യക്തമാക്കിയത് വരാന്‍ പോകുന്ന പൂരത്തിന്റെ സൂചനയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :