വേണ്ടത് 129 റണ്‍സുകള്‍ മാത്രം, 20 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് ഭീഷണിയില്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (22:11 IST)
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു സിംഗിള്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകളെന്ന നേട്ടം ഇന്ത്യയുടെ ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 2003ലെ ഏകദിന ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ചുറിയും 6 അര്‍ധസെഞ്ചുറിയും അടക്കം 673 റണ്‍സാണ് സച്ചിന്‍ അന്ന് അടിച്ചുകൂട്ടിയത്. ക്രിക്കറ്റ് കൂടുതല്‍ ആക്രമണോത്സുകമാവുകയും റണ്‍മഴ തന്നെ ഓരോ മത്സരത്തിലും സംഭവിക്കുകയുണ്ടായിട്ടും നീണ്ട 20 വര്‍ഷക്കാലമായി സച്ചിന്റെ ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടിട്ടില്ല.

2007ലെ ലോകകപ്പില്‍ 11 മത്സരങ്ങളില്‍ 659 റണ്‍സുമായി ഓസീസിന്റെ മാത്യു ഹെയ്ഡനും 2019ലെ ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്നും 5 സെഞ്ചുറിയൊടെ 648 റണ്‍സുമായി ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയും അതേ ലോകപ്പില്‍ 647 റണ്‍സുമായി ഓസീസ് താരം ഡേവിഡ് വാര്‍ണറും ഭീഷണി സൃഷ്ടിച്ചെങ്കിലും റെക്കോര്‍ഡ് നേട്ടം മറികടക്കാനായില്ല. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ക്വിന്റണ്‍ ഡികോക്ക് 7 മത്സരങ്ങളില്‍ നിന്നും 545 റണ്‍സ് നേടികഴിഞ്ഞു.

സച്ചിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ക്കാന്‍ സെമിഫൈനല്‍ മത്സരങ്ങള്‍ കൂടി മുന്നില്‍ നില്‍ക്കെ 129 റണ്‍സാണ് ഡികോക്കിന് ആവശ്യമുള്ളത്. 7 മത്സരങ്ങളില്‍ നിന്നും നാല് സെഞ്ചുറി സഹിതമാണ് ഡികോക്കിന്റെ സ്വപ്നതുല്യമായ പ്രകടനം. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ റെക്കോര്‍ഡിന് തൊട്ടരികിലാണ് ഡികോക്ക്. വരുന്ന മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 129 റണ്‍സ് എന്ന കടമ്പയും സ്വന്തമാക്കാനായാല്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം എന്ന റെക്കോര്‍ഡാകും ഡികോക്കിന്റെ പേരിലാകുക. മുന്‍പ് പലരും അരികിലെത്തി തൊടാനാകാതെ പോയ നേട്ടം ഡികോക്ക് സ്വന്തമാക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :