ഐപിഎല്ലില്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി, പതിരാനയ്ക്കും കോണ്‍വെയ്ക്കും പിറകെ മറ്റൊരു വിദേശതാരവും പുറത്തേക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (20:41 IST)
ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചെന്നൈയ്ക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. പതിരാനയ്ക്ക് പിന്നാലെ ടീമിലെ വിദേശ പേസറായ ബംഗ്ലാദേശ് താരമായ മുസ്തഫിസുര്‍ റഹ്മാനാണ് പരിക്കേറ്റത്. ഇന്ന് ശ്രീലങ്കക്കെതിരായ മൂന്നം ഏകദിനത്തില്‍ കളിച്ച മുസ്തഫിസുര്‍ പരിക്കേറ്റ് ബൗളിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ശ്രീലങ്കന്‍ ഇന്നിങ്ങ്‌സിലെ 48മത് ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ കടുത്ത പേശിവലിവ് കാരണം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു.

ഇതിന് പിന്നാലെ സ്‌ട്രെച്ചര്‍ കൊണ്ടുവന്നാണ് മുസ്തഫിസുറിനെ ഗ്രൗണ്ടില്‍ നിന്നും ചികിത്സയ്ക്കായി കൊണ്ടുപോയത്. സൗമ്യ സര്‍ക്കാരാണ് മുസ്തഫിസുറിന്റെ ഓവര്‍ പിന്നീട് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ 9 ഓവര്‍ പന്തെറിഞ്ഞ മുസ്തഫിസുര്‍ 39 റണ്‍സിന് 2 വിക്കറ്റെടുത്തിരുന്നു. ഐപിഎല്ലില്‍ വിദേശപേസറുടെ അഭാവമുള്ള ചെന്നൈ ബൗളിംഗ് നിരയിലെ അവസാന പ്രതീക്ഷയായിരുന്നു മുസ്തഫിസുര്‍.ചെന്നൈയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ശ്രീലങ്കയുടെ മതീഷ പതിരാനക്കും നേരത്തെ പരിക്കേറ്റിരുന്നു. പരിക്ക് മാറി പതിരാന ടീമില്‍ തിരിച്ചെത്താന്‍ ദിവസങ്ങള്‍ ഇനിയുമാകും എന്നതിനാല്‍ മുസ്തഫിസുറിലായിരുന്നു ചെന്നൈയുടെ അവസാന പ്രതീക്ഷ. നേരത്തെ ന്യൂസിലന്‍ഡ് ഓപ്പണറായ ഡെവോണ്‍ കോണ്‍വെയും പരിക്ക് മൂലം ഐപിഎല്‍ ആദ്യ പകുതിയില്‍ ഉണ്ടാകില്ലെന്ന് ചെന്നൈ വ്യക്തമാക്കിയിരുന്നു.

പതിരാനക്കും മുസ്തഫിസുറിനും പരിക്കേറ്റതോടെ ചെന്നൈയ്ക്ക് ആശ്രയിക്കാനാകുന്ന വിദേശ ബൗളര്‍മാരൊന്നും തന്നെ ചെന്നൈ നിരയിലില്ല. ഷാര്‍ദൂല്‍ താക്കൂര്‍,ദീപക് ചാഹര്‍,തുഷാര്‍ ദേഷ്പാണ്ഡെ,സിമര്‍ജിത് സിങ്,രാജ്യവര്‍ധന്‍ ഹംഗ്രേക്കൾ,മുകേഷ് ചൗധരി എന്നിവരാണ് ചെന്നൈ പേസ് നിരയിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :