കൊളംബോ|
VISHNU N L|
Last Modified ശനി, 8 ഓഗസ്റ്റ് 2015 (10:02 IST)
ലങ്കന്‍ പ്രസിഡന്റ്സ് ഇലവനുമൊത്തുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം. ഇന്ത്യയ്ക്കെതിരായ ത്രിദിനമൽസരത്തിന്റെ രണ്ടാംദിനം 121 റൺസിന് ഓൾ ഔട്ടായ ശ്രീലങ്കൻ ബോർഡ് പ്രസിഡന്റ്സ് ഇലവനെ എറിഞ്ഞിട്ടത് ഇഷാന്ത് ശര്‍മ്മയുടെ മായിക ബോളുകളായിരുന്നു.
അഞ്ചു വിക്കറ്റ് നേട്ടത്തോടെ ആതിഥേയരുടെ പ്രതിരോധം തകർത്ത ഇഷാന്ത് ശർമയുടെ പേസ് ബോളിങ് കരുത്തിലാണ്
ഇന്ത്യ കളം പിടിച്ചത്. ഏഴ് ഓവറിൽ 23 റൺസിന് അഞ്ചു വിക്കറ്റ് പിഴുത ഇഷാന്തിന്റെ ബോളിങ് ഒരു ഘട്ടത്തിൽ ഇങ്ങനെയായിരുന്നു: 4–1–5–5.
ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിനുശേഷം പന്തെറിഞ്ഞ ഇഷാന്ത് ആദ്യപന്തിൽതന്നെ കൗശൽ സിൽവയെ വിക്കറ്റിനു മുൻപിൽ കുരുക്കി. അവസാന പന്തിൽ ധനഞ്ജയ് ഡിസിൽവയും പുറത്ത്. തന്റെ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ഉപുൽ തരംഗയെ വീഴ്ത്തി ഹാട്രിക്കിന്റെ വക്കിലെത്തിയെങ്കിലും ഇഷാന്തിനെ മിലിന്ദ സിരിവർധന പ്രതിരോധിച്ചു.
എട്ടാം ഓവറിൽ തിരിച്ചെത്തിയ ഇഷാന്ത് ലാഹിരു തിരിമന്നയെയും (5) കുശാൽ പെരേരയെയും അടുത്തടുത്ത പന്തുകളിൽ പറഞ്ഞുവിട്ടു. ഇഷാന്തിന്റെ അഞ്ച് ഇരകളിൽ നാലുപേരും പൂജ്യന്മാരായാണു മടങ്ങിയത്. വരുൺ ആരോണും ആർ. അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹർഭജനാണു ശേഷിച്ച വിക്കറ്റ്. ഇന്ത്യന്‍ ബോളിംഗ് പാരമ്യതയിലെത്തിയതൊടെ ലങ്കന്‍ താരങ്ങളാരും രണ്ടക്കം കടന്നില്ല.
ആദ്യ ഇന്നിങ്സിൽ 351 റൺസെടുത്ത ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 112 റൺസെടുത്തിട്ടുണ്ട്. സന്നാഹ മൽസരം ഒരു ദിവസം ശേഷിക്കെ ഇന്ത്യയ്ക്ക് 342 റൺസിന്റെ ലീഡുണ്ട്. കയ്യിൽ ഏഴു വിക്കറ്റും ബാക്കി.