അഭിറാം മനോഹർ|
Last Modified വെള്ളി, 19 ജൂലൈ 2024 (10:32 IST)
Sanju Samson, Rohit sharma
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ പുറത്താക്കിയതില്‍ വിമര്‍ശനം ശക്തമാകുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാന ഏകദിന മത്സരത്തില്‍ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യയുടെ രക്ഷകനായി മാറിയിട്ടും സഞ്ജുവിന് അവസരം നല്‍കാത്തതാണ് ആരാധകരെ ചൊടുപ്പിച്ചത്. സഞ്ജുവിന് പകരം ഒന്നരവര്‍ഷമായി ടീമിന് പുറത്തുള്ള റിഷഭ് പന്തിനെയാണ് ഏകദിനത്തില്‍ പരിഗണിച്ചത്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നിരുന്നത്. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനാകുന്ന ആദ്യ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ വേണമെന്ന് ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി. രോഹിത് ടീമില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ അവസരം നഷ്ടമായതെന്നാണ് ഒരു വിഭാഗം ആരാധകര്‍ കരുതുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി വലിയ വ്യക്തിബന്ധമാണ് റിഷഭ് പന്തിനുള്ളത്. ഇത് പന്തിന് ഗുണം ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്.
നേരത്തെ ടി20 ലോകകപ്പ് സമയത്ത് ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ സഞ്ജുവിനായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മുന്‍തൂക്കമുണ്ടായിരുന്നത്. മധ്യനിരയില്‍ കളിച്ചിരുന്ന റിഷഭ് പന്തിന് സ്ഥാനക്കയറ്റം നല്‍കികൊണ്ടാണ് അന്ന് രോഹിത് സഞ്ജുവിന് മുന്നിലുള്ള വാതിലുകള്‍ അടച്ചത്. ആദ്യ മത്സരങ്ങളില്‍ മൂന്നാം നമ്പറില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയ പന്ത് പിന്നീട് നടന്ന മത്സരങ്ങളിലെല്ലാം തന്നെ പരാജയമായിരുന്നു. ഇതൊടെ ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിനായില്ല. ഏകദിനത്തില്‍ അവസാന മത്സരത്തില്‍ സെഞ്ചുറിപ്രകടനവുമായി സ്ഥാനം ഉറപ്പിച്ച സമയത്താണ് രോഹിത്തും കോലിയും വീണ്ടും ടീമിലെത്തിയത്. ഇതിന് പിന്നാലെയാണ് സഞ്ജുവിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായിരിക്കുന്നത്.