രേണുക വേണു|
Last Modified ശനി, 20 മെയ് 2023 (07:53 IST)
IPL 2023: പ്ലേ ഓഫ് ലക്ഷ്യംവെച്ച് ഇനി മത്സരരംഗത്തുള്ളത് അഞ്ച് ടീമുകള്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചതാണ്. രണ്ട്, മൂന്ന്, നാല് സ്ഥാനക്കാരുടെ കാര്യത്തിലാണ് ഇനിയൊരു തീരുമാനം ആകേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന നാല് കളികള്‍ കഴിയുമ്പോള്‍ അതിനൊരു തീരുമാനമാകും.
രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ക്ക് വേണ്ടി മത്സരരംഗത്തുള്ളത് അഞ്ച് ടീമുകളാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്. നിലവില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം ചെന്നൈയും ലഖ്‌നൗവുമാണ്. ഇന്ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ചെന്നൈയും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ലഖ്‌നൗവും ജയിച്ചാല്‍ ഇരുവര്‍ക്കും രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ തന്നെ ഫിനിഷ് ചെയ്യാന്‍ സാധിക്കും.
പിന്നീട് നാലാം സ്ഥാനത്തേക്ക് വേണ്ടിയുള്ള പോരാട്ടമാകും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടക്കുക. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും ജയിക്കുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് കൂടുതലുള്ള ആര്‍സിബി നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തും. അതേസമയം ആര്‍സിബി തോല്‍ക്കുകയും മുംബൈ ജയിക്കുകയും ചെയ്താല്‍ നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫില്‍ എത്തും.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ചെന്നൈയും ലഖ്‌നൗവും തോല്‍ക്കുകയും അവസാന മത്സരത്തില്‍ ആര്‍സിബിയും മുംബൈയും ജയിക്കുകയും ചെയ്താല്‍ ആര്‍സിബി രണ്ടാം സ്ഥാനത്തേക്കും മുംബൈ മൂന്നാം സ്ഥാനത്തേക്കും ഉയരും. ചെന്നൈ, ലഖ്‌നൗ ടീമുകളില്‍ നെറ്റ് റണ്‍റേറ്റ് കൂടുതലുള്ള ടീം നാലാം സ്ഥാനത്തേക്ക് എത്തും.
ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗവും ചെന്നൈയും ജയിക്കുകയും അവസാന മത്സരത്തില്‍ ആര്‍സിബിയും മുംബൈയും തോല്‍ക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ റോയല്‍സിന് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാന്‍ അവസരമുണ്ട്.