അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ജനുവരി 2026 (10:58 IST)
2026 എന്ന പുതിയ വര്‍ഷം പിറക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകള്‍ അനേകമാണ്. ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ലോകകിരീടം സ്വപ്നം കാണുമ്പോള്‍ ഏകദിനത്തില്‍ 2027ലെ ലോകകപ്പിന് മുന്‍പായി തയ്യാറെടുക്കാനുള്ള അവസരമാണ്. ടെസ്റ്റ് ഫോര്‍മാറ്റിലാകട്ടെ കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കക്കെതിരെ നേരിട്ട അപമാനത്തില്‍ നിന്ന് കരകയറാനുള്ള അവസരവും. 2026ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍ പരിശോധിക്കാം.
2026 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ 3 ഏകദിന മത്സരങ്ങളും 5 ടി20 മത്സരങ്ങളും അടങ്ങിയ പരമ്പരയോടെയാണ് ഇന്ത്യയുടെ 2026ന് തുടക്കമാവുക. ടി20 ലോകകപ്പിന് മുന്‍പായുള്ള അവസാന പരമ്പര എന്ന നിലയില്‍ ന്യൂസിലന്‍ഡ് പരമ്പര ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഈ പരമ്പരയ്ക്ക് പിന്നാലെ ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയായി ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. 2024ലെ ലോകകിരീടം നിലനിര്‍ത്തുക എന്നതാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്.
ഇതിന് പിന്നാലെ ഐപിഎല്ലിനെ തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങള്‍ 2 മാസക്കാലത്തേക്ക് ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് മുതല്‍ മെയ് വരെ ഐപിഎല്‍ മത്സരങ്ങളിലാകും ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക. ലോകകപ്പിനും ഐപിഎല്ലിനും ശേഷം ജൂണിലാണ് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ ആരംഭിക്കുക. ജൂണില്‍ ഇന്ത്യയില്‍ വെച്ച് അഫ്ഗാനിസ്ഥാനെതിരെ 3 ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും.
ഓഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനം ഇതില്‍ 2 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ കളിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഈ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാകും.സെപ്റ്റംബറില്‍ ബംഗ്ലാദേശ് പര്യടനത്തില്‍ 3 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും വീതം ഇന്ത്യ കളിക്കും. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ കളിക്കും. ടി20 മത്സരമാകും ഏഷ്യന്‍ ഗെയിംസില്‍ നടക്കുക. ഒക്ടോബര്‍- നവംബര്‍ മാസത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ 2 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ഡിസംബറില്‍ ശ്രീലങ്ക ഇന്ത്യയില്‍ പര്യടനം നടത്തും. 3 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളുമാകും ശ്രീലങ്ക ഇന്ത്യയില്‍ കളിക്കുക.