അഭിറാം മനോഹർ|
Last Updated:
ഞായര്‍, 20 ജൂണ്‍ 2021 (13:20 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര എന്നിങ്ങനെ 6 ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീം കളിക്കുന്നത്. ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചിൽ ഇക്കുറി ഇന്ത്യൻ ബൗളർമാരും കഴിവ് തെളിയിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ താരങ്ങളെ കാത്ത് നിരവധി റെക്കോർഡുകൾ പര്യടനത്തിൽ കാത്തിരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കാത്തിരിക്കുന്നത് ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്രയെയാണ്.
മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറും നായകനും ഇതിഹാസവുമായ കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ പേസറെ കാത്തിരിക്കുന്നത്.ഏറ്റവും വേഗത്തില്‍ ഇന്ത്യക്കായി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന പേസ് ബൗളറെന്ന റെക്കോഡാണ് ബുംറയെ കാത്തിരിക്കുന്നത്. നിലവില്‍ 27കാരനായ ബുംറ 19 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 25 മത്സരങ്ങളിൽ നിന്നും 100 വിക്കറ്റുകൾ നേടിയിട്ടുള്ള കപിൽ ദേവിന്റെ പേരിലാണ് ഇന്ത്യക്കായി വേഗതയേറിയ 100 വിക്കറ്റ് നേട്ടം എന്ന റെക്കോർഡുള്ളത്.
17 വിക്കറ്റുകൾ കൂടി സ്വന്തമാക്കാനായാൽ ബുമ്രയ്ക്ക് ഈ നേട്ടം മറികടക്കാനാവും. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ 28 ടെസ്റ്റില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. നിലവിലെ ഇന്ത്യന്‍ പേസര്‍മാരിലൊരാളായ മുഹമ്മദ് ഷമി 29 മത്സരത്തില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിലെ ഫോമിൽ കപിലിന്റെ റെക്കോർഡ് ബുമ്ര സ്വന്തമാക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതുന്നത്. ഇംഗ്ലണ്ടിലെ പേസിനെ തുണയ്‌ക്കുന്ന പിച്ചുകളും ബുമ്രയ്ക്ക് സഹായകമാകും.