അഭിറാം മനോഹർ|
Last Modified ബുധന്‍, 16 ജൂണ്‍ 2021 (19:36 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വെള്ളിയാഴ്‌ച്ച തുടക്കം കുറിക്കുമ്പോൾ സെഞ്ചുറി വരൾച്ച നേരിടുന്ന ഇന്ത്യൻ നായകൻ വിരാട് കോലി ഫൈനൽ മത്സരത്തിൽ സെഞ്ചുറിയോടെ രാജ്യത്തെ കിരീടത്തിലേക്ക് നയിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ കോലിക്കും കൂട്ടർക്കും ഫൈനലിൽ ഏറ്റവും പ്രശ്‌നമാവുക ന്യൂസിലൻഡിന്റെ പേസ് നിരയാണ്.
ഫൈനൽ മത്സരത്തിന് അരങ്ങൊരുമ്പോൾ ഇന്ത്യൻ നായകനെതിരെ ടിം സൗത്തി,നീൽ വാഗ്‌നർ,ട്രെന്റ് ബോൾട്ട് എന്നിവരുടെ പ്രകടനം എങ്ങനെയെന്ന് നോക്കാം.
കിവീസ് പേസ് ആക്രമണങ്ങളുടെ കുന്തമുനയായ ട്രെന്റ് ബോൾട്ടിനെതിരെ 12 ഇന്നിങ്‌സാണ് കോലി കളിച്ചത്. ബോൾട്ടിനെതിരെ 132 റൺസ് നേടിയ ഇന്ത്യൻ താരത്തിനെ മൂന്ന് തവണയാണ് ബോൾട്ട് പുറത്താക്കിയത്. 44 ആണ് ബോൾട്ടിനെതിരെയുള്ള കോലിയുടെ ശരാശരി.
അതേസമയം ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ വശം കെടുത്തിയ നീൽ വാഗ്‌നർക്ക് മികച്ച റെക്കോർഡാണ് കോലിക്കെതിരെയുമുള്ളത്. ആറ് ഇന്നിങ്സുകളിൽ നിന്നും 3 തവണയാണ് കോലിയെ വാഗ്‌നർ പുറത്താക്കിയത്.
വാഗ്‌നർക്കെതിരെ 60 റൺസ് നേടിയ കോലിയുടെ ബാറ്റിംഗ് ശരാശരി 20 റൺസ് മാത്രമാണ്.
9 ഇന്നിങ്സുകളിൽ നിന്നായി മൂന്ന് വട്ടം തന്നെയാണ് ടിം സൗത്തിയും ഇന്ത്യൻ നായകനെ പുറത്താക്കിയിട്ടുള്ളത്. 36.3 ശരാശരിയിൽ 109 റൺസാണ് സൗത്തിക്കെതിരെ കോലി നേടിയിട്ടുള്ളത്.