ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിച്ചത് വാലറ്റത്തിന്റെ ബാറ്റിംഗ് പ്രകടനങ്ങള്‍, ഫൈനലിലും മികവ് ആവര്‍ത്തിക്കാനാവുമോ?

അഭിറാം മനോഹർ| Last Modified ഞായര്‍, 4 ജൂണ്‍ 2023 (18:07 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരായിരിക്കും കിരീടത്തില്‍ മുത്തമിടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരമെന്നതും ഡ്യൂക്‌സ് ബോളായിരിക്കും ഫൈനലില്‍ ഉപയോഗിക്കുക എന്നതും ഓസീസിന് അനുകൂല ഘടകങ്ങളാണ്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ പാറ്റ് കമ്മിന്‍സ്, ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്ന അപകടകരമായ മികച്ച ബൗളിംഗ് നിരയാണ് ഓസീസിനുള്ളത്. 2021 മുതലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്ന് കാണാം. ഫൈനലിലും ഈ മികവ് വാലറ്റത്തിന് പുലര്‍ത്താനാകുമോ എന്നത് സംശയകരമാണ്.

2021 23 വരെയുള്ള ലോകചാമ്പ്യന്‍ഷിപ്പിലെ 31 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 2,935 റണ്‍സാണ് ഇന്ത്യന്‍ വാലറ്റം സ്വന്തമാക്കിയത്. ഇതില്‍ തന്നെ അക്‌സര്‍ പട്ടേല്‍ ഏഴാം സ്ഥാനത്തിറങ്ങി 14 മത്സരങ്ങളില്‍ നിന്നും 45.80 ശരാശരിയില്‍ 458 റണ്‍സാണ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയും അക്‌സര്‍ പടേലിനാണ്. പല മത്സരങ്ങളിലും അക്‌സര്‍ പട്ടേല്‍,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍,രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവര്‍ വാലറ്റത്ത് നടത്തിയ പ്രകടനങ്ങളാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ മുന്നേറ്റത്തിന് കാരണമായത്.

നിലവില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍. ഇന്ത്യന്‍ പിച്ചുകളില്‍ നിന്നും വ്യത്യസ്തമായി പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ട് പിച്ചുകളില്‍ ഇന്ത്യന്‍ വാലറ്റത്തിന് മികച്ച പ്രകടനം നടത്തുക ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക റിഷഭ് പന്തിന്റെ സാന്നിധ്യമാകും. കൗണ്ടി ക്രിക്കറ്റിലെ പുജാരയുടെ മത്സരപരിചയവും ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകും. 2021ല്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നതായിരുന്നു ഇന്ത്യന്‍ പരാജയത്തിന് കാരണം. ടൂര്‍ണമെന്റില്‍ ഇതുവരെ വാലറ്റം മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും മുന്‍നിരയുടെ പ്രകടനമാകും ഓസീസിനെതിരായ ഫൈനല്‍ മത്സരത്തില്‍ നിര്‍ണായകമാവുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :