Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

India,Bangladesh
അഭിറാം മനോഹർ| Last Updated: ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (12:03 IST)
India,Bangladesh
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 280 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രവിചന്ദ്ര അശ്വിന്റെ സെഞ്ചുറിപ്രകടനത്തിന്റെ മികവില്‍ 376 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്ങ്‌സ് 149 അവസാനിച്ചതോടെ രണ്ടാമിന്നിങ്ങ്‌സില്‍ റിഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നില്‍ വെച്ചത്.


മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നല്ല രീതിയില്‍ തന്നെ തുടങ്ങിയെങ്കിലും മധ്യനിര തകര്‍ന്നതൊടെ പരാജയം വേഗത്തിലാവുകയായിരുന്നു. 515 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ സാന്റോ(82) മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗിന് മുന്നില്‍ ചെറുത്തുനിന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയ രവിചന്ദ്ര അശ്വിനാണ് ബംഗ്ലാദേശ് ബാറ്റര്‍മാരെ കൂടാരം കയറ്റിയത്.

21 ഓവറില്‍ 88 റണ്‍സ് വഴങ്ങിയ അശ്വിന്‍ 6 ബംഗ്ലാ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3 വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയും അശ്വിന് മികച്ച പിന്തുണ നല്‍കി. ശേഷിക്കുന്ന ഒരു വിക്കറ്റ് പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കാണ്. ഒരുഘട്ടത്തില്‍ 194 റണ്‍സിന് 4 വിക്കറ്റെന്ന ഭേദപ്പെട്ട നിലയില്‍ നിന്നായിരുന്നു ബംഗ്ലാദേശിന്റെ തകര്‍ച്ച. നജ്മല്‍ ഹൊസൈന്‍ സാന്റോയുമായി നിര്‍ണായകമായ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തുന്നതിനിടെ പരിചയസമ്പന്നനായ ഷാക്കിബ് അല്‍ ഹസന്‍ മടങ്ങിയതോടെ ബംഗ്ലാദേശ് പതനത്തിന് വേഗം കൂടുകയായിരുന്നു.


ഷാക്കിബ് പുറത്തായതിന് ശേഷം 39 റണ്‍സ് മാത്രം കൂട്ടിചേര്‍ക്കാനെ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് സാധിച്ചുള്ളു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :