അഭിറാം മനോഹർ|
Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (11:14 IST)
കാറപകടത്തിന് ശേഷമുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി മാറ്റി റിഷഭ് പന്ത്. രണ്ട് വര്‍ഷത്തിനടുത്തുള്ള ഇടവേള അറിയിക്കാതെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ താരം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ 128 പന്തില്‍ 108 റണ്‍സാണ് നേടിയത്. 4 സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയതോടെ ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിങ്ങ്‌സില്‍ 4 വിക്കറ്റിന് 287 റണ്‍സാണ് ഇന്ത്യ നേടിയത്.
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആറാം സെഞ്ചുറിയാണ് പന്ത് ബംഗ്ലാദേശിനെതിരെ കുറിച്ചത്. ഇതോടെ ഇതിഹാസതാരം മഹേന്ദ്രസിംഗ് ധോനിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ പന്തിന് സാധിച്ചു. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ താരമെന്ന റെക്കോര്‍ഡാണ് പന്ത് ധോനിയ്‌ക്കൊപ്പം പങ്കിടുന്നത്. 144 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു ധോനിയുടെ നേട്ടമെങ്കില്‍ വെറും 58 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് പന്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.