Women Asia Cup 2022 Final, India vs Sri Lanka: വനിത ഏഷ്യ കപ്പ് ഇന്ത്യക്ക് !

ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന വെറും 25 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 51 റണ്‍സ് നേടി

രേണുക വേണു| Last Updated: ശനി, 15 ഒക്‌ടോബര്‍ 2022 (15:24 IST)

India Women vs Sri Lanka Women, Asia Cup Final: വനിതകളുടെ ഏഷ്യാ കപ്പ് ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കന്‍ വനിത ടീമിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിത ടീം കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 65 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന വെറും 25 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 51 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്‌സ് അടിച്ചുകൊണ്ടാണ് സ്മൃതി ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്. ഷഫാലി വര്‍മ (5), ജെമിയ്യ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 65 റണ്‍സ് നേടിയത്.

ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സായപ്പോള്‍ ലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ഓരോരുത്തരായി കൂടാരം കയറി. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. 22 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്ന ഇനോക രണവീരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യക്ക് വേണ്ടി രേണുക സിങ് മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദ്, സ്നേഹ് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :