ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക്; തലവേദന മാറി

രേണുക വേണു| Last Modified ശനി, 19 ഫെബ്രുവരി 2022 (08:19 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക്. ആവേശം അവസാന ഓവര്‍ വരെ നീണ്ട രണ്ടാം ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിനെ ഇന്ത്യ എട്ട് റണ്‍സിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരം കൂടി ജയിച്ച് പരമ്പര തൂത്തൂവാരുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. നേരത്തെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. നിക്കോളാസ് പൂരനും (41 പന്തില്‍ 62), റോവ്മാന്‍ പവലും (36 പന്തില്‍ 68 റണ്‍സുമായി നോട്ട്ഔട്ട്) തകര്‍ത്തടിച്ചു. ഒടുവില്‍ എട്ട് റണ്‍സിന് ഇന്ത്യ ജയിക്കുകയായിരുന്നു. വിന്‍ഡീസിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 178 ല്‍ അവസാനിച്ചു. യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ ദീപക് ചഹര്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി. ഇരുവര്‍ക്കും വിക്കറ്റൊന്നും കിട്ടിയില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും റിഷഭ് പന്തും അര്‍ധ സെഞ്ചുറി നേടി. കോലി 41 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമായി 52 റണ്‍സുമായി പുറത്തായി. പന്ത് 28 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യര്‍ 18 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി പുറത്തായി.


മധ്യനിര നേരിട്ടിരുന്ന തകര്‍ച്ച മാറിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. മുന്‍നിര വിക്കറ്റുകള്‍ ആദ്യം വീണാല്‍ മധ്യനിരയും പരുങ്ങലിലാകുന്ന അവസ്ഥയായിരുന്നു. എന്നാല്‍ വിന്‍ഡീസ് പര്യടനത്തോടെ ഇന്ത്യയുടെ മധ്യനിരയും ഫോമിലേക്ക് ഉയര്‍ന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :