ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു ഓപ്പണര്‍ ആകുമോ? സാധ്യത ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 11 ജൂണ്‍ 2021 (11:10 IST)


ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിട്ടുണ്ട്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ മറ്റൊരു ടീമിനെയാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇറക്കുന്നത്. ശിഖര്‍ ധവാനാണ് നായകന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ സജീവ സാന്നിധ്യമാകാന്‍ സഞ്ജുവിന് കിട്ടിയ സുവര്‍ണാവസരമാണിത്. പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമില്‍ കയറിപറ്റുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സഞ്ജുവിനും അറിയാം.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളത്തിലിറങ്ങുന്ന സഞ്ജുവിന് ഓപ്പണര്‍ ബാറ്റ്‌സ്മാന്റെ റോള്‍ കിട്ടാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ശിഖര്‍ ധാവനും പൃഥ്വി ഷായും ആയിരിക്കും ഓപ്പണര്‍മാര്‍. പൃഥ്വി ഷാ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയാല്‍ ദേവ്ദത്ത് പടിക്കലിന് ഓപ്പണര്‍ സ്ഥാനത്തേയ്ക്ക് അവസരം കിട്ടും. ഓപ്പണര്‍മാരുടെ പട്ടികയില്‍ ഇവര്‍ മൂന്ന് പേരെ കൂടാതെ ഋതുരാജ് ഗെയ്ക്വാഡും ഇടംപിടിച്ചിട്ടുള്ളതിനാല്‍ ഓപ്പണറായി കളത്തിലിറങ്ങാന്‍ സഞ്ജുവിന് സാധിക്കില്ലെന്ന് ഉറപ്പ്.

അതേസമയം, നാലാമനായി ആയിരിക്കും സഞ്ജു ബാറ്റ് ചെയ്യാന്‍ എത്തുക. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെയായിരിക്കും ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :