അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 നവംബര്‍ 2025 (19:40 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തളയ്ക്കാന്‍ ഇന്ത്യ ഒരുക്കുക സ്പിന്‍ പിച്ചെന്ന് സൂചന.ബൗളര്‍മാരെയും ബാറ്റര്‍മാരെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് ഒരുക്കുന്നതെന്ന് ക്യൂറേറ്റര്‍ സുജന്‍ ബാനര്‍ജി പറയുന്നു.
ഇന്നലെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം കൊല്‍ക്കത്തയിലെത്തിയ കോച്ച് ഗൗതം ഗംഭീര്‍ പിച്ച് പരിശോധിച്ചിരുന്നു.ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും പിച്ച് പരിശോധിച്ചിരുന്നു. ആദ്യദിനം തന്നെ കുത്തിത്തിരിയുന്ന പിച്ചാകുമോ എന്ന ചോദ്യത്തിനോട് അങ്ങനെ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. പിച്ച് പരിശോധിച്ചതില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പൂര്‍ണതൃപ്തനാണെന്നാണ് ക്യുറേറ്റര്‍ പറയുന്നത്.ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരു പോലെ പിന്തുണ ലഭിക്കുമെങ്കിലും സ്പിന്നര്‍മാരെ പിച്ച് കൂടുതല്‍ തുണയ്ക്കുമെന്നാണ് മുഖര്‍ജി പറയുന്നത്.