അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 നവംബര്‍ 2025 (18:19 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറലിനെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. നവംബര്‍ 14ന് ആരംഭിക്കുന്ന പരമ്പരയില്‍ റിഷഭ് പന്ത് വൈസ് ക്യാപ്റ്റനായും കീപ്പറായും ടീമില്‍ ഉണ്ടെങ്കിലും ബാറ്ററെന്ന നിലയില്‍ ജുറലിന് അവസരം നല്‍കണമെന്നാണ് ആകാശ് ചോപ്രയുടെ ആവശ്യം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ബാറ്റിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ജുറലിന് സാധിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയ താരം ഇന്ത്യ എ ടീമിനായും മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇത്ര മികച്ച ഫോമിലുള്ള താരത്തിന്റെ സേവനം ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നാണ് ആകാശ് ചോപ്രയുടെ നിര്‍ദേശം. ഇതിനായി സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ആരെയെങ്കിലും ഗംഭീറും ഗില്ലും ത്യാഗം ചെയ്യണമെന്നും
ആകാശ് ചോപ്ര പറയുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 125 റണ്‍സുമായി ജുറല്‍ തിളങ്ങിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ 132 റണ്‍സും താരം നേടിയിരുന്നു.