രേണുക വേണു|
Last Modified വെള്ളി, 5 ഡിസംബര്‍ 2025 (08:52 IST)
Joe Root - Matthew Hayden: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ചുറി നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്വസിച്ചതും ആഘോഷിച്ചതും ഓസ്‌ട്രേലിയയുടെ മുന്‍താരം മാത്യു ഹെയ്ഡന്‍ ആണ്. കാരണം വേറൊന്നുമല്ല, ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ആഷസ് പരമ്പരയില്‍ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ താന്‍ നഗ്നനായി നടക്കുമെന്ന് ഹെയ്ഡന്‍ പറഞ്ഞിരുന്നു. എന്തായാലും റൂട്ടിന്റെ സെഞ്ചുറി ഹെയ്ഡന്റെ മാനംകാത്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു യുട്യൂബ് പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് ഇത്തവണത്തെ ആഷസില്‍ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ മെല്‍ബല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ താന്‍ നഗ്നനായി നടക്കുമെന്ന് ഹെയ്ഡന്‍ പറഞ്ഞത്.
രണ്ടാം ടെസ്റ്റില്‍ റൂട്ട് സെഞ്ചുറി നേടിയതിനു പിന്നാലെ മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡന്‍ സമൂഹമാധ്യമങ്ങളില്‍ രസികന്‍ പ്രതികരണവുമായി എത്തി. ' റൂട്ടിനു നന്ദി, ഞങ്ങളുടെ കണ്ണുകളെ നീ കാത്തു,' എന്നാണ് സ്വന്തം പിതാവിനെ ട്രോളികൊണ്ട് ഗ്രേസ് ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ടെസ്റ്റ് കരിയറിലെ 40-ാം സെഞ്ചുറിയും ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമാണ് റൂട്ട് ബ്രിസ്ബണില്‍ നേടിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ 30 ഇന്നിങ്സുകള്‍ കളിച്ച ശേഷമാണ് റൂട്ടിന്റെ സെഞ്ചുറി.