India vs England ODI series: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്, ഹാര്‍ദിക് പാണ്ഡ്യ പരമ്പരയിലെ താരം

രേണുക വേണു| Last Modified തിങ്കള്‍, 18 ജൂലൈ 2022 (08:44 IST)

India vs England ODI Series: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യക്ക്. 2-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 259 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് നേടി.

മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരയില്‍ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ രക്ഷകരായി. പന്ത് 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതം 125 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്രീസില്‍ നിലയുറച്ച് മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു പന്ത്. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സ് കൂടിയായപ്പോള്‍ ഇന്ത്യയുടെ ജയം അനായാസമായി. പാണ്ഡ്യ 55 പന്തില്‍ പത്ത് ഫോര്‍ സഹിതം 71 റണ്‍സ് നേടിയാണ് പുറത്തായത്.

72-4 എന്ന നിലയില്‍ പതറുമ്പോള്‍ ആണ് പന്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ ചേര്‍ന്നത്. പിന്നീട് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുമേല്‍ ഇരുവരും ആധിപത്യം സ്ഥാപിക്കുകയായിരുന്നു. പന്ത്-പാണ്ഡ്യ കൂട്ടുകെട്ട് 133 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. രോഹിത് ശര്‍മ (17 പന്തില്‍ 17), ശിഖര്‍ ധവാന്‍ (മൂന്ന് പന്തില്‍ ഒന്ന്), വിരാട് കോലി (22 പന്തില്‍ 17), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി നായകന്‍ ജോസ് ബട്‌ലര്‍ 80 പന്തില്‍ 60 റണ്‍സ് നേടി ടോപ് സ്‌കോററായി. ജേസണ്‍ റോയ് 41 റണ്‍സും മൊയീന്‍ അലി 34 റണ്‍സും നേടി.

സെഞ്ചുറി നേടിയ പന്താണ് മൂന്നാം ഏകദിനത്തിലെ താരം. ഹാര്‍ദിക് പാണ്ഡ്യ പരമ്പരയിലെ താരമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :