aparna shaji|
Last Modified ചൊവ്വ, 10 ജനുവരി 2017 (08:51 IST)
ഇന്ത്യന്‍ ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റന്‍ പദവിയില്‍ ഇന്ന് അവസാന അങ്കത്തിനിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായാണ് ധോണി നായകവേഷത്തില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ കൂള്‍ പടിയിറങ്ങുന്നതും കൂളായിതന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ കളിയിൽ വിജയം അനിവാര്യം.
മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഇടക്കാലത്ത് ധോണിയുടെ അപ്രീതിക്കിരയായി ടീമില്‍നിന്നും പുറത്തായ യുവരാജ് സിങ്ങും ധോണിയുടെ കീഴില്‍ കളത്തിലിറങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷം രണ്ടര മാസമായി ഒരു മത്സരംപോലും കളിച്ചിട്ടില്ലാത്ത ധോണിയും വിവാഹത്തെത്തുടര്‍ന്ന് മല്‍സരങ്ങളില്‍ നിന്നും വിട്ടുനിന്ന യുവരാജ് സിംഗിനും പരിശീലനത്തിന് ലഭിക്കുന്ന അവസരം കൂടിയാണ് മല്‍സരം.
പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുന്ന ആശിഷ് നെഹ്‌റ, ശിഖര്‍ ധവാന്‍ എന്നിവരെയും എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. എന്നാൽ സഞ്ജു കളിക്കുമോ എന്ന കാര്യത്തിൽ ഉറപില്ല. രണ്ടാം പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും.
ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ എന്ന പദവി വിട്ടു മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നുവെന്ന വാർത്ത എല്ലാവരേയും ഞെട്ടിച്ചിരുന്നു. ടീമില്‍ അംഗമായി തുടരാന്‍ തയാര്‍ എന്ന സന്ദേശം നല്‍കി ധോണി നായകന്റെ തൊപ്പിയൂരുമ്പോള്‍ ഓര്‍മയില്‍ നിറയുന്നത് ഈ കൂള്‍ ക്യാപ്റ്റനെയാണ് .