India vs Australia Scorecard: ഇന്ത്യ ലോകകപ്പ് സെമിയില്‍; ബംഗ്ലാദേശിന്റെ കരുണ കാത്ത് ഓസ്‌ട്രേലിയ !

41 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും സഹിതം 92 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്

Rohit Sharma
രേണുക വേണു| Last Updated: തിങ്കള്‍, 24 ജൂണ്‍ 2024 (23:50 IST)
Rohit Sharma



India vs Australia Scorecard: സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യക്ക് എതിരാളികള്‍. ഇന്ത്യക്കെതിരായ തോല്‍വിയോടെ ബംഗ്ലാദേശിന്റെ കരുണയ്ക്കായി ഓസ്‌ട്രേലിയ കാത്തിരിക്കണം. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

ഓസീസിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണര്‍ ട്രാവിസ് ഹെഡ് 43 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 76 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായി. നായകന്‍ മിച്ചല്‍ മാര്‍ഷ് 28 പന്തില്‍ 37 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ട്രാവിസ് ഹെഡും ഓസീസ് മധ്യനിരയും ചേര്‍ന്ന് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തിയെങ്കിലും കുല്‍ദീപ് യാദവ് - അക്ഷര്‍ പട്ടേല്‍ സ്പിന്‍ കൂട്ടുകെട്ട് രക്ഷയ്ക്കായി എത്തി. ഹെഡിനെ പുറത്താക്കി ബുംറയും ഇന്ത്യക്ക് വിജയവഴി കാട്ടി. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങിന് മൂന്ന് വിക്കറ്റ്. ജസ്പ്രീത് ബുംറയ്ക്കും അക്ഷര്‍ പട്ടേലിനും ഓരോ വിക്കറ്റ്.

നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഹിച്ച സെഞ്ചുറിക്ക് തൊട്ടരികെ രോഹിത് പുറത്താകുമ്പോള്‍ 11.2 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 127 ല്‍ എത്തിയിരുന്നു. 41 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും സഹിതം 92 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്. 224.39 ആണ് സ്‌ട്രൈക്ക് റേറ്റ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവറില്‍ നാല് സിക്‌സ് അടക്കം 28 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അഞ്ച് പന്തുകളില്‍ നിന്ന് റണ്‍സൊന്നും എടുക്കാതെയാണ് കോലി പുറത്തായത്. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ പുറത്താകാതെ 27 റണ്‍സും നേടി. ശിവം ദുബെ 22 പന്തില്‍ 28 റണ്‍സെടുത്തു.

ജോഷ് ഹെയ്‌സല്‍വുഡ് ഒഴികെ മറ്റെല്ലാ ഓസീസ് ബൗളര്‍മാരും രോഹിത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 45 വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറില്‍ 56 റണ്‍സ് വഴങ്ങിയ മാര്‍കസ് സ്‌റ്റോയ്‌നിസിനും രണ്ട് വിക്കറ്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :