അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (16:21 IST)
ടി20 ലോകകപ്പിന് പിന്നാലെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന് പുതിയ നായകനെന്ന് സൂചന. യുവതാരമായ ശുഭ്മാന്‍ ഗില്ലാകും സിംബാബ്വെ പര്യടനത്തില്‍ നായകനാകുക എന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടത്. ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ തുടരാന്‍ സാധ്യതകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ സീനിയര്‍ ടീമിനൊപ്പമുള്ള സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ചിലപ്പോള്‍ സിംബാബ്വെ പര്യടനത്തില്‍ ഉള്‍പ്പെട്ടേക്കും. ഇത് താരങ്ങളുടെ തീരുമാനത്തിനായി വിട്ടുനല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തീലാണ് ഗില്ലിനെയാകും ഇന്ത്യ നായകനായി പരിഗണിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ റിയാന്‍ പരാഗ്,നിതീഷ് കുമാര്‍ റെഡ്ഡീ,തുഷാര്‍ ദേഷ്പാണ്ഡെ,അഭിഷേക് ശര്‍മ,ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങളും ടീമിലുണ്ടാകും. നിലവില്‍ ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസണ്‍,റിങ്കു സിംഗ്,യശ്വസി ജയ്‌സ്വാള്‍ എന്നിവരും സിംബാബ്വെ പര്യടനത്തില്‍ ഉണ്ടാകും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ റുതുരാജ് ഗെയ്ക്ക്വാദും ഇവര്‍ക്ക് പുറമെ ടീമില്‍ ഉള്‍പ്പെട്ടേക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ സിംബാബ്വെ പര്യടനത്തിനുള്ള ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.