ടീമിൽ വൻ അഴിച്ചുപണി, ബുമ്ര പുറത്ത്!

എറിഞ്ഞുമടുത്ത ബുമ്രയ്ക്ക് ഇനി വിശ്രമം

അപർണ| Last Modified ചൊവ്വ, 8 ജനുവരി 2019 (15:18 IST)
ബാറ്റ്‌സ്‌മാന്മാരുടെ പേടി സ്വപ്‌നമായി തീര്‍ന്ന ഇന്ത്യന്‍ പേസ് ബോളര്‍ ജസ്‌പ്രീത് ബുമ്രയുടെ കാര്യത്തില്‍ ബിസിസിഐ പുതിയ തീരുമാനമെടുത്തിരിക്കുകയാണ്. ടെസ്റ്റ് പരമ്പര നേട്ടത്തിലെ വിജയശിൽപികളിൽ പ്രധാനിയായ ബുമ്രയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്നും അതിനുശേഷമുള്ള ന്യൂസീലൻഡ് പര്യടനത്തിൽനിന്നും സിലക്ടർമാർ വിശ്രമം അനുവദിച്ചു.

ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ ഓസ്ട്രേലിയൻ ടീം ഇന്ത്യയിൽ പര്യടനത്തിനു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ബുമ്രയ്ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുന്നതിനാണ് ഇരു പരമ്പരകളിൽനിന്നും ഒഴിവാക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു.

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ബിസിസിഐയുടെ പുതിയ തന്ത്രം. ലോകകപ്പിന് മുമ്പ് 13 ഏകദിന മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഈ മത്സരങ്ങളിലൊന്നും ബുമ്രയെ കളിപ്പിക്കേണ്ടെന്നും, നിര്‍ണായക മത്സരങ്ങളില്‍ താരത്തിന്റെ സാന്നിധ്യം ആവശ്യമാകുമ്പോൾ ബുമ്രയെ കളിപ്പിച്ചാല്‍ മതിയെന്നുമാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ഒരു കലണ്ടർ വർഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്ത പേസ് ബോളർ ബുമ്രയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :