അഭിറാം മനോഹർ|
Last Modified ശനി, 26 ഡിസംബര്‍ 2020 (17:37 IST)
ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ
ഇന്ത്യ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്‌തില്ലെങ്കിൽ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോർഡ്. ഇന്ത്യയുടെ 88 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കളിച്ച എല്ലാ ടെസ്റ്റ് മത്സരത്തിലും തോൽക്കുക എന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഈ വർഷം ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തിലും ഇന്ത്യ വിജയിച്ചിട്ടില്ല. മെൽബണിലും കൂടി തോറ്റാൽ ഒരു കലണ്ടര്‍ വര്‍ഷം ഒറ്റ ടെസ്റ്റ് വിജയം പോലുമില്ലാതെ ഇന്ത്യ പൂര്‍ത്തിയാക്കേണ്ടിവരും. ടെസ്റ്റ് ചരിത്രത്തിൽ 19 തവണയാണ് ഒരു ടീം ഇത്തരത്തിൽ ഒരു കലണ്ടർ വർഷം ടെസ്റ്റ് വിജയങ്ങൾ ഇല്ലാതെ പൂർത്തിയാക്കിയിട്ടുള്ളത്.ഇതില്‍ ബംഗ്ലാദേശ് അഞ്ച് തവണയും സിംബാബ്‌വെയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മൂന്ന് തവണ വീതവും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ ഓരോ തവണയും ടെസ്റ്റ് വിജയങ്ങളൊന്നുമില്ലാതെ കലണ്ടർ വർഷം പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം ഒരു വിജയം പോലുമില്ലാതെ ഇന്ത്യ ഇതുവരെ ഒരു കലണ്ടർ വർഷവും പൂർത്തിയാക്കിയിട്ടില്ല.ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നൂറാമത്തെ ടെസ്റ്റാണ് മെൽബണിൽ നടക്കുന്നത് എന്നൊരു പ്രത്യേകതയും ഇന്ന് ആരംഭിക്കുന്ന മത്സരത്തിനുണ്ട്. ഇതുവരെ നടന്ന 99 ടെസ്റ്റുകളിൽ 43 ജയങ്ങളുമായി ഓസ്ട്രേലിയ ബഹുദൂരം മുന്നിലാണ്.